തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 68 കാരനിൽ നിന്നും പണംതട്ടിയ പ്രതി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശി അശ്വതി അച്ചുവാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരിൽ ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നതായി പോലീസ് വ്യക്തമാക്കി.
പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് പലതവണയായി പ്രതി 40,000 രൂപ തട്ടിയെടുത്തത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. പറ്റിക്കപ്പെടുന്നതായി മനസിലായ വൃദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ നേരത്തെ അശ്വതിയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നും തിരിച്ചുനൽകാമെന്നും ഉറപ്പുനൽകിയതിനെ തുടർന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനിൽ നിന്നും നൽകിയ കാലാവധി അവസാനിച്ചതോടെയാണ് അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാഷ്‌ട്രീയ നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ അശ്വതിയുടെ പേരിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല.
















Comments