വാഷിംഗ്ടൺ: ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായി ഇന്ത്യൻ വംശജൻ. ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ ചുതലയേൽക്കും. ജൂൺ രണ്ടിനാകും സ്ഥാനമേൽക്കുക. അഞ്ച് വർഷത്തേയ്‌ക്കാണ് നിയമനം.
63-കാരനായ അജയ്പാൽ സിംഗ് ബംഗ നിലവിൽ ജനറൽ അറ്റ്‌ലാന്റിക്കിൽ വൈസ് ചെയർമാനാണ്. 11 വർഷത്തോളം മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. നെസ്ലെ എസ്എയിലാണ് അദ്ദേഹം ആദ്യം സേവനമനുഷ്ഠിച്ചത്. അവിടെ മാർക്കറ്റിംഗ്, സെയിൽസ്, മാനേജ്മെന്റ് റോളുകളിൽ ഒരു ദശാബ്ദത്തിലേറെയായി നെസ്ലെയുടെ ഭാഗമായിരുന്നു. തുടർന്ന് പെപ്സികോ ഇങ്കിൽ ചേരുകയും കമ്പനിയുടെ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി ഇന്ത്യയിൽ ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 1996-ൽ സിറ്റി ഗ്രൂപ്പിൽ ജോലി ആരംഭിച്ച അദ്ദേഹം നാല് വർഷത്തിനുള്ളിൽ സിറ്റി ഫിനാൻഷ്യലിന്റെയും യുഎസ് ഉപഭോക്തൃ-അസറ്റ് വിഭാഗത്തിന്റെയും ബിസിനസ് മേധാവിയായി. 2005-ൽ ബാങ്കിന്റെ എല്ലാ അന്താരാഷ്‌ട്ര ഉപഭോക്തൃ പ്രവർത്തനങ്ങളും നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.
2008-ൽ അജയ് ബംഗയെ സിറ്റി ഗ്രൂപ്പിന്റെ ഏഷ്യ-പസഫിക് മേഖലയുടെ തലവനായി നിയമിച്ചു. 2009-ൽ അദ്ദേഹം മാസ്റ്റർകാർഡിന്റെ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി. പിറ്റേ വർഷം ബംഗയ്‌ക്ക് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. വ്യാപാര വ്യവസായ മേഖലയിലെ ബൃഹത്തായ സംഭാവനകൾക്ക് 2016-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡലും അദ്ദേഹത്തിന് ലഭിച്ചു. എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണറും 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ബംഗയുടെ പിതാവ് . പൂനെയിലെ ഖഡ്കി കന്റോൺമെന്റിൽ ജനിച്ച അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും കരസ്ഥമാക്കി.
Comments