ജിദ്ദ : ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 135 ഇന്ത്യക്കാർ കൂടി ജിദ്ദയിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേയ്‌ക്ക് ഇന്ത്യക്കാരുമായുള്ള 22-ാമത്തെ സംഘമാണ് എത്തിയത്. ഇതിനോടകം 4000-ൽ അധികം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചത്.
സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ 22-ാമത്തെ സംഘം ജിദ്ദയിൽ എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം 62 ഇന്ത്യക്കാർ കൂടി ഡൽഹിയിൽ എത്തിയതായി അധികൃതർ അറിയിച്ചു. സുഡാനിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്. പ്രതികൂല സാഹചര്യം പരിഗണിച്ച് ഇന്ത്യയുടെ സുഡാനിലെ എംബസിയുടെ പ്രവർത്തനം ഖാർത്തൂമിൽ നിന്നും പോർട്ട് സുഡാനിലേക്ക് മാറ്റിയിരിക്കുകയാണ്.
സുഡാനിൽ സൈന്യവും അർദ്ധസൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏഴ് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി ദക്ഷിണ സുഡാൻ മന്ത്രാലയം അറിയിച്ചു. യുദ്ധ ഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ഏപ്രിൽ 24-നാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്.
Comments