മുംബൈ: മുംബൈയിൽ ഓൺലൈൻ തൊഴിൽ വാഗ്ദാനത്തിലൂടെ കോടികളുടെ തട്ടിപ്പ്. മുംബൈയിലെ മാർക്കറ്റിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ 47-കാരന് 1.33 കോടി രൂപ നഷ്ടപ്പെട്ടു. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതുവഴി ദിവസേന 5000-രൂപമുതൽ 7000 രൂപവരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം.
വാട്‌സാപ്പിലൂടെ തട്ടിപ്പുകാർ ഇയാളെ പ്രലോഭിപ്പിക്കുകയും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുകയുമായിരുന്നു. വലയിൽ അകപ്പെട്ട ഇയാൾ തട്ടിപ്പുകാർ അയച്ചുനൽകിയ നമ്പറിൽ ബന്ധപ്പെട്ടു. തുടർന്ന് അയച്ചുനൽകിയ വീഡിയോകൾ ലൈക്ക് ചെയ്യാനും 5000 രൂപ നൽകി രജിസ്‌ട്രേഷൻ നടത്താനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ശേഷം ഇതിന്റെ സ്‌ക്രീൻ ഷോട്ട് തിരികെ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ആദ്യം ഇയാൾക്ക് 10,000 രൂപ ലഭിച്ചു. വിശ്വാസ്യത വർദ്ധിച്ചതോടുകൂടി യുവാവിന് മുൻപിൽ തട്ടിപ്പുകാർ കൂടുതൽ നിബന്ധനകൾവെച്ചു. തുടർന്ന് തട്ടിപ്പുകാർ ഇയാളെ ടെലഗ്രാം ഗ്രൂപ്പിൽ ചേർത്തു. കമ്പനി നിർദ്ദേശിച്ച പ്രകാരം നിക്ഷേപം നടത്തിയതിലൂടെ തങ്ങൾക്ക് പണം ലഭിച്ചെന്ന് ഗ്രൂപ്പിലുള്ളവർ അവകാശപ്പെട്ടതോടുകൂടി യുവാവിന് തട്ടിപ്പ് സംഘത്തോടുള്ള വിശ്വാസ്യത വീണ്ടും വർദ്ധിച്ചു.
തുടർന്ന് കമ്പനികളിൽ പണം നിക്ഷേപിക്കണമെന്നും ഇത് ലാഭത്തിൽ തിരിച്ചുകിട്ടുമെന്നും തട്ടിപ്പുകാർ യുവാവിനെ പറഞ്ഞ് ധരിപ്പിച്ചു. തുടർന്ന് വിവിധ അക്കൗണ്ടുകളിലായി കോടികൾ നിക്ഷേപിക്കുകയായിരുന്നു. പണം തിരിച്ച് കിട്ടാതായതോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഇയാൾക്ക് മനസ്സിലായത്. തുടർന്ന് ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
















Comments