ലണ്ടൻ: എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന് നടക്കും. അത്യാഡംബര ചടങ്ങുകളോടെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം നടക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ 10.20ന് ആരംഭിക്കും.
കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങ് 11 മണിയോടെ ആരംഭിക്കും (ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30). 12 മണിക്കാണ് (ഇന്ത്യൻ സമയം വൈകിട്ട് 4.30) കിരീടധാരണം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് കൊട്ടാരത്തിലേക്ക് ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും മടക്ക ഘോഷയാത്രയോടെയാണ് സമാപിക്കുന്നത്.
1937-ൽ ജോർജ്ജ് ആറാമൻ രാജാവിന് ശേഷം കിരീടമണിയുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ്. 70 വർഷം മുമ്പ് സ്വന്തം കിരീടധാരണ സമയത്ത് അമ്മ എലിസബത്ത് രാജ്ഞി ധരിച്ച അതേ വസ്ത്രങ്ങൾ ധരിക്കാനാണ് ചാൾസ് മൂന്നാമനും ധരിക്കുന്നതെന്ന സൂചനകളുണ്ട്.
ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനകും എത്തുന്നുണ്ട്. ചടങ്ങിൽ പതാകവാഹകരുടെ തലപ്പത്ത് ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും ഉണ്ടായിരിക്കും. സർക്കാർ തലവൻ എന്ന നിലയ്‌ക്ക് സുനക് ബൈബിൾ വായിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഹൈന്ദവനായ ഒരാൾ കൊളോസിയൻസിന്റെ ബൈബിൾ വായിക്കുന്നത്. ഇതോടെ ബഹുവിശ്വാസ പ്രമേയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാകും ഋഷി സുനക്. ബൈബിളിലെ കൊലോസ്യർ 1: 9-17 ആയിരിക്കും സുനക് വായിക്കുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങിൽ പ്രാധാന്യം നൽകുന്നുണ്ട്.
Comments