സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടൻ ടിനി ടോം. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഭയം മൂലമാണ് മകനെ അഭിനയിക്കാൻ വിടാത്തതെന്ന് ടിനി ടോം പറഞ്ഞു.
‘സിനിമയിൽ ഒരു വലിയ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാൻ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ വിടാൻ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെ കുറിച്ചുള്ള ഭയമായിരുന്നു ഭാര്യയ്‌ക്ക്. 17-18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനെയുള്ളൂ. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരെ യുവാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ’- ടിനി ടോം പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയ്‌ക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്ന് ടിനി ടോം ആവർത്തിച്ചു.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. മുതിർന്ന് നടന്മാരും സംവിധായകരും അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ താരസംഘടനയായ അമ്മയിൽ നിന്നടക്കം വിവരങ്ങൾ തേടാനൊരുങ്ങുകയാണ് എക്‌സൈസ് വകുപ്പ്.
Comments