ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം
അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ .
ദുഷ്കർമഘർമമപനീയ ചിരായ ദൂരം
നാരായണപ്രണയിനീനയനാംബുവാഹഃ .. 9..
സാമാന്യ അർത്ഥം: ദയയാകുന്ന അനുകൂലവാതത്തോടു കൂടിയ മഹാലക്ഷ്മിയുടെ കണ്ണാകുന്ന മേഘം, അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുത്തിൽ ദുഷ്കർമ്മ സന്താപത്തെ അതി ദൂരം അകറ്റി ദീർഘകാലം സമ്പത്താകുന്ന ജലധാരയെ വർഷിച്ചു തരുമാറാകട്ടെ.
കാവ്യാർത്ഥം: മഴക്കാലത്തു മൺസൂൺ കാറ്റിനാൽ നയിക്കപ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ, വരണ്ട ഭൂമിയിൽ മഴ പെയ്യിക്കുകയും ചാതകപ്പക്ഷിയുടെ ദാഹം ശമിപ്പിക്കുകയും ഭൂമിയിൽ ഐശ്വര്യം കൊണ്ടു വരുകയും ചെയ്യുന്നു. അതുപോലെ, മഹാലക്ഷ്മിയുടെ ഇരുണ്ട കണ്ണുകൾ കാരുണ്യത്തിന്റെ കാറ്റ് വീശുന്ന മഴമേഘത്തോട് സാമ്യമുള്ള ഈ ചാതകപ്പക്ഷിയുടെ ഭക്തന്റെമേൽ ഐശ്വര്യത്തിന്റെ മഴ പെയ്യിക്കട്ടെ, അങ്ങനെ പാപങ്ങൾ കഴുകി ഐശ്വര്യം ലഭിക്കട്ടെ.
ഗീർദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ. …10..
സാമാന്യ അർത്ഥം: വാഗ്ദേവത എന്നും, വിഷ്ണുപത്നിയെന്നും, ശാകംഭരിയെന്നും, ശങ്കരപ്രിയയെന്നും (എന്നീ രൂപങ്ങളിൽ) സൃഷ്ടി, സ്ഥിതി, പ്രളയം, സിദ്ധി എന്നിവയ്‌ക്കായി വഴിപോലെ പ്രവർത്തിക്കുന്നവളായ ത്രൈലോക്യ ഗുരുവിന്റെ ആ തരുണിയ്‌ക്കായി നമസ്കാരം.
കാവ്യാർത്ഥം: മൂന്ന് ലോകങ്ങളുടെയും അദ്ധ്യാപകനായ നാരായണന്റെ പത്നിയായ മഹാലക്ഷ്മി ദേവിയെ ഞങ്ങൾ പ്രണമിക്കുന്നു. അവൾ വിദ്യയുടെ ദേവതയായ സരസ്വതി എന്നും മഹാവിഷ്ണുവിന്റെ ദിവ്യപത്നിയായ ലക്ഷ്മി ദേവി എന്നും ശകംഭരി എന്നും മഹേശ്വരന്റെ പത്നിയായ പാർവതി എന്നും അറിയപ്പെടുന്നു. ആ ദേവി പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും സംരക്ഷണത്തിലും അന്തിമ നാശത്തിലും ഏർപ്പെട്ടിരിക്കുന്നവളാണ്.
ശ്രുത്യൈ നമോfസ്തു ശുഭകർമ്മഫലപ്രസൂത്യൈ
രത്യൈ നമോfസ്തു രമണീയ ഗുണാശ്രയായൈ
ശക്ത്യൈ നമോfസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോfസ്തു പുരുഷോത്തമവല്ലഭായൈ . ..11..
സാമാന്യ അർത്ഥം: സത്കർമ്മഫലങ്ങളെ പ്രസവിക്കുന്ന വേദസ്വരൂപിണിയ്‌ക്ക് നമസ്കാരം. രമണീയ ഗുണങ്ങൾക്ക് ആശ്രയമായ രതിസ്വരൂപിണിയ്‌ക്ക് നമസ്കാരം. താമരപ്പൂവിൽ വസിക്കുന്ന ശക്തിസ്വരൂപിണിയ്‌ക്ക് നമസ്കാരം.
കാവ്യാർത്ഥം: വേദങ്ങളുടെ പ്രത്യക്ഷരൂപമായ ദേവീ, നീ സത്കർമത്തിന്റെ ഫലം നൽകുന്നു. രതീദേവിയെപ്പോലെ സുന്ദരിയായ നീ അതിമനോഹരമായ ഗുണങ്ങളുടെ മഹാസമുദ്രമാണ്. നൂറ് ഇതളുകളുള്ള മനോഹരമായ താമരയിൽ വാസസ്ഥലം ഉള്ളതിനാൽ, നിങ്ങൾ ശക്തി വ്യക്തിത്വമാണ്. പുരുഷോത്തമന്റെ ഭാര്യയേ, നീ സമൃദ്ധിയുടെ ദേവതയാണ്. ദയവായി എന്റെ പ്രണാമം സ്വീകരിക്കുക.
നമോfസ്തു നാളീക നിഭാനനായൈ
നമോfസ്തു ദുഗ്‌ദ്ധോദധി ജന്മഭൂമ്യൈ
നമോfസ്തു സോമാമൃത സോദരായൈ
നമോfസ്തു നാരായണ വല്ലഭായൈ .. 12..
സാമാന്യ അർത്ഥം: താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്ക് നമസ്കാരം. പാലാഴിയിൽ പിറന്നവൾക്ക് നമസ്കാരം.ചന്ദ്രന്റേയും അമൃതിന്റേയും സഹോദരിക്ക് നമസ്കാരം. നാരായണപ്രിയക്കു നമസ്കാരം.
കാവ്യാർത്ഥം: ഹേ നാരായണ പത്നി! ആരുടെ മുഖം വിരിഞ്ഞ താമരപോലെ മനോഹരമാണോ, ഞാൻ നിന്നെ വണങ്ങുന്നു. ചന്ദ്രനും ദിവ്യമായ അമൃതും സഹിതം ക്ഷീരസമുദ്രത്തിൽ നിന്ന് ജനിച്ചവളെ , ദേവീ! എന്റെ പ്രണാമം സ്വീകരിക്കേണമേ.
നമോfസ്തു ഹേമാംബുജ പീഠികായൈ
നമോfസ്തു ഭൂമണ്ഡല നായികായൈ
നമോfസ്തു ദേവാദി ദയാപരായൈ
നമോfസ്തു ശാർങ്ഗായുധ വല്ലഭായൈ .. 13..
സാമാന്യ അർത്ഥം: സ്വർണ്ണത്താമരയാകുന്ന പീഠത്തിൽ ഇരിക്കുന്നവൾക്ക് നമസ്കാരം. ഭൂമണ്ഡല നായികയ്‌ക്ക് നമസ്കാരം. ദേവാദികളിൽ ദയാലുവായവൾക്ക് നമസ്കാരം. ശാർങ്ഗമെന്ന വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ വല്ലഭയ്‌ക്ക് നമസ്കാരം.
കാവ്യാർത്ഥം: നാരായണപത്നിയും, ദേവന്മാരോട് കരുണയുള്ളവളും, ഭൂമിയുടെ ദേവതയുമായ, സ്വർണ്ണ കമലത്തിൽ ഇരിക്കുന്ന ദേവിയേ, ഞാൻ അങ്ങയുടെ മുമ്പിൽ പ്രണാമം ചെയ്യുന്നു.
നമോfസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോfസ്തു വിഷ്ണോരുരസിസ്ഥിതായൈ
നമോfസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോfസ്തു ദാമോദര വല്ലഭായൈ .. 14..
സാമാന്യ അർത്ഥം: ഭൃഗുപുത്രിയായ ദേവിക്ക് നമസ്കാരം.വിഷ്ണവിന്റെ തിരുമാറിലിരുന്നവൾക്ക് നമസ്കാരം. താമരപ്പൂവിൽ കുടികൊള്ളുന്ന ലക്ഷ്മീദേവിക്കു നമസ്കാരം.ദാമോദരവല്ലഭയായ ദേവിയ്‌ക്ക് നമസ്കാരം.
കാവ്യാർത്ഥം: ദാമദര പത്നി, ഭൃഗുപുത്രി, നിനക്ക് എന്റെ പ്രണാമം. ഹേ ലക്ഷ്മീ, താമരയിൽ ഇരിക്കുന്ന, മഹാവിഷ്ണുവിന്റെ വിശാലമായ തിരുമാറു അലങ്കരികുന്നവളെ, നിനക്കു എന്റെ നമസ്കാരം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കനകധാരാസ്തോത്രത്തിന്റെ അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/kanakadhara-stotram/
കനകധാരാ സ്തോത്രം അർത്ഥവിശകലനം ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കനകധാരാ സ്തോത്രം അർത്ഥവിശകലനം ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക(വന്ദനം,ശ്ലോകം 1)
കനകധാരാ സ്തോത്രം അർത്ഥവിശകലനം ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക(2 മുതൽ 4 വരെ ശ്ലോകങ്ങൾ)
കനകധാരാ സ്തോത്രം അർത്ഥവിശകലനം ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക(5 മുതൽ 8 വരെ ശ്ലോകങ്ങൾ)
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
(തുടരും)
Comments