ആധുനിക ലോകത്ത് എല്ലാവരും എന്തിനൊവേണ്ടിയുള്ള ഓട്ടത്തിലാണ്. ആർക്കും ഒന്നിനും സമയമില്ല. കുഞ്ഞുങ്ങളോടൊപ്പെ സമയം ചെലവഴിക്കാൻ ഒട്ടും സമയമില്ല. കൂടുമ്പോൾ ഇമ്പം കൂടുന്നതാണ് കുടുംബം. കുട്ടികളൊടോത്ത് സമയം ചെലവഴിക്കുമ്പോൾ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടുന്നത് തങ്ങളുടെ ബാല്യം കൂടിയാണ്. കുട്ടികളുടെ മനസ്സിൽ നൻമയും സ്‌നേഹവും സഹാനുഭൂതിയും വളർത്താൻ കഥ പറഞ്ഞു നൽകുന്നതിനേക്കാൾ മികച്ച മാർഗമില്ല. ചെറുപ്പത്തിലെ കഥകേട്ട് വളരുന്ന കുട്ടികൾ സ്വാഭാവികമായും വായനയുടെ ലോകത്തെത്തും.
പുസ്തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനം ചെയ്യും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും കുട്ടിക്കാലം മുതൽ വാർധക്യം വരെ വായനയുടെ ഗുണഫലങ്ങൾ നീളുന്നു. നമ്മുടെ തലച്ചോറിലും ശരീരത്തിലും പുസ്തകവായന ചിലത്തുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. വായന ജീവിതത്തിൽ കൂടെ കൊണ്ടുപോകുന്നതിന്റെ ഗുണങ്ങൾ അറിയാം..
എത്ര തിരക്കുണ്ടായാലും വായനയ്‌ക്കായി സമയം മാറ്റിവെക്കുന്നത് സമ്മർദമകറ്റും. നിത്യേന അര മണിക്കൂർ വായന സമ്മർദ്ദം കുറയ്‌ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്‌ക്കുമെന്നും മാനസിക സമ്മർദത്തെ അകറ്റുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്്.
സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്ണുതയും സഹാനുഭൂതിയും വളർത്താൻ വായന സഹായിക്കും. വായന നമ്മുടെ മനസിനെ ശക്തിപ്പെടുത്തുന്നു. വളരെ ചെറുപ്പം മുതലേ പതിവായി പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസമ്പത്ത് വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്.
പ്രായം കൂടുന്തോറും നമ്മുടെ മനസിനെ ഉണർത്താനുള്ള മികച്ച മാർഗമാണ് പുസ്തകങ്ങളും മാസികകളും വായിക്കുക എന്ന് നാഷണൽ ഇൻസ്‌റിറ്റിയൂട്ട് ഓഫ് ഏജിങ്ങ് നടത്തിയ പഠനത്തിൽ പറയുന്നു. എത്ര നേരത്തെ വായന തുടങ്ങാമോ അത്രയും നല്ലത് ജീവിതകാലം മുഴുവൻ മനസിനെ ഉത്തേജിപ്പിക്കുന്ന വായന പോലുള്ള പ്രവൃത്തികൾ ചെയ്തവരിൽ ഡിമൻഷ്യയുടെ ലക്ഷണങ്ങൾ കുറവാണ്. വായന മറവി രോഗത്തെ അകറ്റി നിർത്താനും സഹായിക്കും.
പതിവായി ഉറക്കം സുഖമാകാനും വായന സഹായിക്കും. അച്ചടിച്ച പുസ്തകങ്ങൾ തന്നെ വായിക്കാൻ തിരഞ്ഞെടുക്കണം. കാരണം ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഇരുന്നു വായിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്‌ക്കാൻ പുസ്തക വായന സഹായിക്കും. കഥകൾ വായിക്കുന്നത് താൽക്കാലികമായി നമ്മുടെ സ്വന്തം ലോകത്തു നിന്ന് സങ്കല്പികമായ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് രക്ഷപെടാൻ സഹായിക്കും.
വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക്. പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്. അതിനാൽ വായന ശീലമാക്കിയിട്ടില്ലാത്തവർ വൈകിയിട്ടില്ല, ഇനിയും സമയമുണ്ട് വായിക്കാൻ.
















Comments