ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനധികൃത സന്ദർശനം നടത്തി വയനാട് മുൻ എംപി രാഹുൽ. അനുമതിയില്ലാതെ മെൻസ് ഹോസ്റ്റലിൽ പ്രവേശിച്ചതിനെതിരെ രൂക്ഷമായ എതിർപ്പാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. രാഹുലിന്റെ സന്ദർശനത്തിലൂടെ ക്യാമ്പസിനെ രാഷ്‌ട്രീയ ഭൂമിയാക്കി മാറ്റുകയാണുണ്ടായതെന്ന് ഡൽഹി സർവകലാശാല പ്രൊക്ടർ രജനി അബി ആരോപിച്ചു. ക്യാമറസംഘത്തിനൊപ്പമാണ് രാഹുൽ അനുമതിയില്ലാതെ കോളേജിൽ പ്രവേശിച്ചതും വിദ്യാർത്ഥികളുമായി സംവദിച്ചതും.
കഴിഞ്ഞ ദിവസമാണ് ആശങ്ക ഉയർത്തിയ സന്ദർശനം നടത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റി നോർത്ത് ക്യാമ്പസിലെ ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് രാഹുൽ ഇടിച്ചുകയറിയത്. തുടർന്ന് മെസ്സിൽ ഇരിക്കുകയായിരുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. അഞ്ചോളം ക്യാമറമാൻമാരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഹോസ്റ്റൽ സന്ദർശനം രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന്് സർവകലാശാല പ്രൊക്ടർ പറഞ്ഞു.
വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനുവേണ്ടി രാഹുൽ അനുവാദം വാങ്ങിയില്ലെന്നും രജനി വ്യക്തമാക്കി. പ്രൊക്ടറുടെ ഓഫീസിലെങ്കിലും അറിയിച്ചതിന് ശേഷം മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ. രാഹുലിന് അലഞ്ഞുതിരിഞ്ഞ് എത്താനുള്ള പൊതുയിടമല്ല ഇത്. ഉച്ചഭക്ഷണസമയത്താണ് അദ്ദേഹം എത്തിയത്. ചിലപ്പോൾ 75 പേർക്കായിരിക്കും ഭക്ഷണം തയ്യാറാക്കുക. ചിലപ്പോൾ അഞ്ചോ ആറോ പേർ കൂടുതലായെത്തും. എന്നാൽ രാഹുൽ പുറത്തുനിന്ന് ആളുകളെ എത്തിച്ച് പ്രശ്‌നമുണ്ടാക്കുകയാണ്. ഇത് മൂലം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നത് ശരിയല്ല, ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാർത്ഥികള് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് ‘ഇസഡ്’ സുരക്ഷയുണ്ട്. അബദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം പറയുക? -പ്രൊക്ടർ പറഞ്ഞു. രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments