തൃശൂർ: സൂപ്പർമാർക്കറ്റിലെ സഹജീവനക്കാരിയായ ആതിരയെ അഖിൽ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കണ്ടെത്തൽ. തെളിവുകൾ ഒന്നും തന്നെ ബാക്കി വെയ്‌ക്കാതെ കൃത്യം നിർവഹിക്കാനായിരുന്നു പ്രതിയുടെ ശ്രമം. അന്വേഷണസംഘം അതിവിദഗ്ധമായി തെളിവുകൾ കണ്ടെത്തിയതോടെയാണ് അഖിൽ കുറ്റം ഏറ്റുപറഞ്ഞത്.
ഏപ്രിൽ 29-ന് അതിരപ്പള്ളിയിലേക്ക് പോകാൻ വല്ലം കവലയിൽ കാത്തുനിന്ന ആരിയ്‌ക്കൊപ്പം അഖിൽ അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെത്തി. താൻ സൂപ്പർമാർക്കറ്റിൽ തന്നെയുണ്ടെന്ന് ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ആതിരയെ കാറിൽ തന്നെ ഇരുത്തി സൂപ്പർമാർക്കെറ്റിലെത്തി. തുടർന്ന് ഇരുവരും കാറിൽ അതിരപ്പള്ളിയ്‌ക്ക് പോയി. ഉച്ചയോടെ കൊല നടത്തിയെന്ന് അഖിൽ പറഞ്ഞു.
ആദ്യം സ്വന്തം കഴുത്തിൽ ഷാൾ ചുറ്റി പ്രണയരംഗം അഭിനയിച്ചു. തുടർന്ന് സ്‌നേഹഭാവത്തിൽ ഷാൾ ആതിരയുടെ കഴുത്തിൽ ചുറ്റി പെട്ടെന്ന് തന്നെ ശക്തമായി വരിഞ്ഞുമുറുക്കുകയായിരുന്നു. കഴുത്തിൽ അമർത്തി ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പാറയിടുക്കിൽ ഒളിപ്പിച്ചു. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പുഴയിൽ ഒഴുക്കി കളഞ്ഞു. പിന്നീട് മൂന്ന് മണിയോടെ ഇൻസ്റ്റഗ്രാമിൽ പുതിയ റീൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ആതിരയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാലയും അഖിൽ കൊലപാതകത്തിന് പിന്നാലെ കൈക്കലാക്കി. ഇത് അങ്കമാലിയിൽ പണയപ്പെടുത്തി. ആതിരയോട് ഫോൺ എടുക്കണ്ടെന്ന് പറഞ്ഞതും സ്വന്തം ഫോൺ സ്വിച്ച് ഓഫ് ചെയ്തതും കരുതിക്കൂട്ടിയാണ്. അതിരപ്പള്ളിയ്‌ക്ക് പോകാൻ വാടകയ്‌ക്കെടുത്ത കാറിന്റെ ഉടമയിൽ നിന്നാണ് കാറെടുത്തത് അഖിലാണെന്ന് വ്യക്തമായത്. ഇതിന് തെളിവായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇരുവരും ഫോണിൽ നടത്തിയ ചാറ്റും കണ്ടെത്തി. അടുപ്പം വ്യക്തമാക്കുന്നവയാണ് അവ.
ചോദ്യം ചെയ്യാനായി പോലീസ് ആദ്യം വിളിച്ചപ്പോൾ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് അഖിൽ പെരുമാറിയത്. ആതിര ഫേസ്ബുക്ക് ഫ്രണ്ട് മാത്രമാണെന്നാണ് ഇയാൾ പറഞ്ഞത്. രണ്ടാമത് വിളിപ്പിച്ച് പോലീസ് കാർ യാത്രയുടെ വിവരങ്ങൾ തേടി. ബന്ധുവീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ കൊണ്ടുപോയതാണെന്നും ചൊക്ലി എന്ന സ്ഥലത്ത് ഇറക്കി വിട്ടുവെന്നുമാണ് അപ്പോൾ അഖിൽ നൽകിയ മറുപടി. മൂന്നാമത്തെ തവണ പോലീസ് കൂടുതൽ തെളിവുകൾ നിരത്തിയതോടെയാണ് അഖിൽ കുറ്റം സമ്മതിച്ചത്. തുടർന്ന് അന്വേഷണസംഘം അർദ്ധരാത്രിയിൽ തന്നെ വനത്തിൽ തിരച്ചിൽ നടത്തി. ഇതിന് പിന്നാലെയാണ് ആതിരയുടെ മൃതദേഹം ലഭിച്ചത്. മുൻ പരിചയമില്ലാതെയാണ് ഉൾവനത്തിലെത്തിയതെന്നാണ് അഖിൽ പറയുന്നത്. എന്നാൽ പരിചയമില്ലാത്തവർക്ക് എത്തിപ്പെടാനാകാത്ത സ്ഥലമാണ് ഇതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
















Comments