കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.
കാരവനിൽ ഇരുന്ന് ലഹരി ഉപയോഗിക്കുന്നരെ ഉൾപ്പെടെ അറിയാം. സിനിമയ്‌ക്കകത്ത് മാത്രമല്ല, പലയിടങ്ങളിലും ലഹരി ഉപയോഗമുണ്ടെന്നും ധ്യാൻ പറഞ്ഞു. ചെറിയ ബജറ്റിലാണ് പല മലയാള സിനിമകളും ഒരുങ്ങുന്നത്. അങ്ങനെയുള്ള ഇടങ്ങളിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്‌മ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മറ്റു വഴികളില്ലാതെ വരുമ്പോഴാണ് പലപ്പോഴും നിർമാതാക്കൾ പരാതിയുമായി എത്തുന്നത്. താരങ്ങൾ ഇതുൾക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് കരുതുന്നത് .
‘ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’, ധ്യാൻ പറഞ്ഞു.
ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞിരുന്നു .
Comments