കഴിഞ്ഞ ദിവസം കേരളാ സ്റ്റോറി എന്ന സിനിമയുടെ ആദ്യ പ്രദർശനം കാണാൻ എത്തിയ ചിത്ര ജി. കൃഷ്ണന്റെ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് ഞങ്ങളുടെ കഥയാണെന്ന് ചിത്ര പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അടിവരയിടുന്നു. ചിത്രത്തിലെ രംഗങ്ങൾ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നും ലൗജിഹാദും മാര്യേജ് ജിഹാദും സിനിമ കൃത്യമായി പറയുന്നുണ്ടെന്നും ചിത്ര പോസ്റ്റിൽ പറയുന്നു.
സിനിമയിലെ കഥാപാത്രം കമ്മ്യൂണിസ്റ്റായ അച്ഛനോട് ചോദിക്കുന്ന ചോദ്യം താനും ചോദിച്ചിട്ടുണ്ട്. എന്തിനാണ് തങ്ങളെ വൈദേശികമായ ആശയം പഠിപ്പിച്ചത്. അത്യാവശ്യമായ കാര്യങ്ങൾ പഠിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നത് താനും ചോദിച്ചിട്ടുണ്ടെന്നും ചിത്ര പോസ്റ്റിൽ കുറിക്കുന്നു. തങ്ങളുടെ കഥയാണ് സിനിമ അനാവരണം ചെയ്യുന്നതെന്ന തിരിച്ചറിവ് സിനിമ കാണുമ്പോൾ കണ്ണീരായി മാറി എന്നും ചിത്ര പറയുന്നു.
നസ്രീനായിരുന്ന കാലത്ത് വയ്യാതിരുന്ന അച്ഛനെ കാണാൻ കൂട്ടാക്കാതെ നിന്ന തന്റെ പെരുമാറ്റം സിനിമയിലും അതേപടി കാണാനാകും. അത് തന്റെ തന്നെ കഥായാണെന്നും ചിത്ര പോസ്റ്റിൽ ഓർത്തെടുക്കുന്നുണ്ട്. ഹോസ്റ്റൽ മുറികളിലും കോളേജ് ക്യാമ്പസുകളിലും ഇസ്ലാം മതമൗലികവാദികളായ കൂട്ടുകാരികൾ താനടക്കമുള്ളവരോട് പറഞ്ഞത് തന്നെയാണ് സിനിമയിലൂടെ കണ്ടതെന്നും ചിത്ര കൂട്ടിച്ചേർത്തു. അത്രയ്‌ക്ക് ശക്തമായ മസ്തിഷക പ്രക്ഷാളനമാണ് അവർ നടത്തുന്നതെന്നും ചിത്ര പറയുന്നു.
കഴിഞ്ഞുപോയ കാലത്ത് നിന്നും തന്നെ ഈ ജീവിതത്തിലേയ്‌ക്ക് കൈപിടിച്ച് നടത്തിയത് തന്റെ ഗുരുനാഥനാണ്. അദ്ദേഹത്തിന്റെ മഹത്തായ ദൗത്യത്തിൽ അവസാന ശ്വാസം വരെ താനുണ്ടാകും. ഈശ്വരനും ഗുരുപരമ്പരകൾക്കും സനാതനധർമ്മത്തിനും വേണ്ടി ജീവിക്കുവാനും പോരാടുവാനും വേണ്ടിവന്നാൽ മരിക്കുവാനും തന്നെ താൻ തയ്യാറാണെന്നും ചിത്ര ജി കൃഷ്ണൻ പോസ്റ്റിൽ പറയുന്നു.
ചിത്ര ജി കൃഷ്ണൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ്:
കഴിഞ്ഞ ദിവസം കേരളാ സ്റ്റോറി പോലീസിന്റെ കനത്ത സുരക്ഷാവലയത്തിൽ തിരുവനന്തപുരത്തെ അരീസ് പ്ലസിൽ നിന്നും കാണുകയുണ്ടായി. ആചാര്യശ്രീ കെ.ആർ മനോജ് ജിയോടും അഢട ലെ മുഴുവൻ അംഗങ്ങളോടും ഒപ്പമാണ് സിനിമ കണ്ടത്. ഏകദേശം 2018 ലാണ് ആർഷവിദ്യാസമാജത്തിന്റെ എറണാകുളത്തെ ഓഫീസിലേയ്‌ക്ക് ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററിയ്‌ക്കായി സുദിപ്‌തോ സെൻ ജി, യദു വിജയകൃഷ്ണൻ ജി എന്നിവർ വരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം അവർ യാത്ര ചെയ്തിരുന്നു. പിന്നീട് 2022 ൽ തിരുവനന്തപുരത്തെ ഓഫീസും അവർ സന്ദർശിച്ചിരുന്നു.
ആശയാവതരണം കൊണ്ടും അഭിനയം തുടങ്ങിയ സാങ്കേതിക വശങ്ങൾ കൊണ്ടും മികച്ച അനുഭവമായിരുന്നു ഈ സിനിമ. ഒരല്പം പോലും അതിഭാവുകത്വമില്ലാതെ കാര്യങ്ങൾ എല്ലാം തന്നെയും വസ്തുനിഷ്ഠമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സുദിപ്‌തോ സൻ ജി, യദു വിജയകൃഷ്ണൻ ജി എന്നിവരോടുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു. ഭയാനകമായ ഒരു യാഥാർത്ഥ്യം വസ്തുതാപരമായി തന്നെ അവതരിപ്പിച്ചതിന്.
ഗീതാഞ്ജലി എന്ന കഥാപാത്രം കമ്യൂണിസ്റ്റുകാരനായ തന്റെ അച്ഛനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ചിത്രത്തിൽ. ‘വൈദേശികമായ ആശയങ്ങൾ പഠിപ്പിക്കുന്നതിനു പകരം ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പഠിപ്പിച്ചിരുന്നേൽ എന്റെ അവസ്ഥ ഇങ്ങനെ ആവുമായിരുന്നില്ലല്ലോ അച്ഛാ” എന്ന്. ശരിയാണ് മതേതരത്വചിന്താഗതിയിൽ നിന്നും പിന്നീട് മതം മാറിയ അഖിലയും, ഞാനുമൊക്കെ അതിന്റെ നേർസാക്ഷികളാകുമ്പോൾ ഇനിയും ഒരു വിചിന്തനം നമ്മുടെ സമൂഹത്തിൽ, ഉണ്ടാകേണ്ടിയിരിക്കുന്നു.
സിനിമയിലെ ഓരോ രംഗങ്ങളും ഞങ്ങളുടെയും ജീവിതത്തിൽ അനുഭവിച്ചവയായിരുന്നുവല്ലോ എന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് ആവാം ഞങ്ങൾ ഓരോരുത്തരുടേയും കണ്ണുകളിൽ നിന്നും ധാരയായി ഇറ്റുവീണ നീർ തുള്ളികൾ. എന്റെ ജീവിതത്തിലൂടെ കടന്നു പോയ വഴികൾ മനസിലേക്ക് ഓടിയെത്തി.ആ സിനിമയിൽ എന്നെ പിടിച്ചുകുലുക്കിയ ഒരു രംഗമുണ്ട്..
2014ൽ ഞാൻ നസ്രിൻ എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞ എന്റെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് കുറച്ചു നാളുകളായി ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മയുടേയും സഹോദരന്റേയും ഫോൺ വിളികൾ ഗൗനിക്കാതെ ഇസ്ലാമിന്റെ പാതയിൽ വാശി പിടിച്ച് നിന്ന ഞാൻ മാനസിക സമ്മർദ്ദത്തിനൊടുവിൽ അച്ഛനെ കാണാനായി ഹോസ്പിറ്റലിൽ എത്തി. എന്നാൽ കാഫിറായ അച്ഛന്റെ മുഖം ഒന്നു നോക്കാൻ പോലും കൂട്ടാക്കാതെ മനസിൽ ധൈര്യം സംഭരിച്ച് ഞാൻ മാറി നിന്നു. ദേഷ്യവും വെറുപ്പുമായിരുന്നു അവരോടെല്ലാം.
ജന്മം നല്കിയ അച്ഛനോടുള്ള എന്റെ ഈ പെരുമാറ്റത്തെ കുറിച്ച് അന്ന് വന്ന യദു ജിയോട് പങ്കുവെച്ചിരുന്നു. ആ സംഭവമാണ് ഈ സിനിമയിലെ ഒരു കഥാപാത്രമായ ഗീതാഞ്ജലിയിലൂടെ അവർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് സിനിമയുടെ സംവിധായകനായ സുദിപ്‌തോ സെൻ ജി തന്നെ ശ്രുതി ജിയോട് പറഞ്ഞതായി അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഒപ്പം സന്തോഷവും തോന്നി. ഹോസ്റ്റൽ മുറികളിൽ കോളേജ് ക്യാമ്പസുകളിൽ ഇസ്ലാം മതമൗലികവാദികളായ കൂട്ടുകാരികൾ ഞാനടക്കമുള്ളവരോട് എന്താണോ പറഞ്ഞത് അവയാണ് സിനിമയിലൂടെ കണ്ടത്..
ഇത്തരത്തിൽ മതം മാറ്റുന്ന വനിതകളുടെ ദവാ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് നിരവധി തെളിവുകളിലൂടെ ഇൻറലിജൻസ് മേധാവികളും പ്രസ്താവിച്ചത് ഈ അവസരത്തിൽ ഓർക്കുന്നു. എത്ര ശക്തമായ ബ്രെയിൻ വാഷിംഗ് സിസ്റ്റമാണ് നമുക്കിടയിൽ ഇവർ നടത്തുന്നത് എന്ന് ഇതിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. ആദ്യം അവർ ചോദ്യങ്ങൾ ചോദിച്ച് നമ്മളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പിന്നീട് അവരുടെ മതമാണ് ഏറ്റവും നല്ലതും, ശരിയുമെന്ന് സ്ഥാപിക്കുന്നു.
എങ്ങനെയാണ് മതപരിവർത്തന ശക്തികൾ അവരുടെ മതങ്ങളിലേയ്‌ക്ക് നയിക്കുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയിൽ. അഖിലമാരുടേയും നിമിഷമാരുടേയും മാതാപിതാക്കളുടെ എണ്ണിയാൽ ഒടുങ്ങാത്ത വിലാപങ്ങൾ ഇനിയും ഈ മണ്ണിൽ ഉയരാതിരിക്കണമെങ്കിൽ നാം നിജസ്ഥിതികളിൽ നിന്നും പാഠം ഉൾക്കൊള്ളണം. ഇത്രയും ഭയാനകമായ ഒരു മതത്തിന്റെ അന്ധകാരത്തിൽ നിന്ന് ഞാനടക്കമുള്ള 7000 ത്തോളം യുവതീയുവാക്കൾ ഇന്ന് സനാതനധർമ്മത്തിന്റെ പ്രകാശപൂരിതമായ ആനന്ദനിർഭരമായ ഒരു ജീവിതത്തിലേയ്‌ക്ക് വന്നത് ആചാര്യശ്രീ കെ.ആർ മനോജ് ജിയുമായുള്ള ആശയസംവാദത്തിലൂടെയാണ്. ആചാര്യശ്രീയുടെ അടുക്കലേയ്‌ക്ക് എത്തപ്പെട്ടില്ലായിരുന്നു എങ്കിൽ സിറിയയിലേയും യമനിലേയും മണ്ണിലേയ്‌ക്ക് ഞങ്ങളും ചെന്നുചേരുമായിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒരേ ഒരു രക്ഷകനായത്,
സത്യം ബോധ്യപ്പെടുത്തി സ്വധർമ്മത്തിലേയ്‌ക്ക് എത്തിച്ചത് ആചാര്യശ്രീ കെ.ആർ മനോജ് ജിയും അദ്ദേഹം സ്ഥാപിച്ച ആർഷവിദ്യാസമാജവുമാണ്. ഇന്ന് ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ മതഭീകരതയുടെ യാഥാർത്ഥ്യം നേരിൽ കണ്ടപ്പോൾ ആ പാദങ്ങളിൽ വീണ് പൊട്ടിക്കരയാനാണ് ഞാൻ ആഗ്രഹിച്ചത്. ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട് അതിശക്തരായ 3 മഹാഗുരുപരമ്പരകളുടെ ആശീർവ്വാദത്തോടെ മഹത്തായ ദൗത്യം ഏറ്റെടുത്ത് മുന്നേറുന്ന കർമ്മധീരനായ എന്റെ ഗുരുനാഥൻ. സനാതന ധർമ്മസംസ്ഥാപനത്തിനായി സ്ഥിതപ്രജ്ഞനായി ഭയമേതുമില്ലാതെ അനവരതം പോരാടുന്ന യോഗി!
രാജ്യവിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളിൽ ചെന്നുപെടുമായിരുന്ന 7000 ത്തോളം വരുന്ന യുവതയെ രക്ഷിച്ച ധർമ്മ സംരക്ഷകൻ! മതം മാറ്റപ്പെട്ട നിമിഷയുടേയും അഖിലയുടേയും മറ്റ് അനേകം മാതാപിതാക്കളുടെയും ഹൃദയവേദനയിൽ ഞാനും പങ്കുചേരുന്നു. എന്റെ പ്രിയപ്പെട്ട അച്ഛന്റേയും അമ്മയുടേയും കണ്ണുനീരും, അന്ന് അവരനുഭവിച്ച വേദനയും തിരിച്ചറിയുന്നു. ആ തിരിച്ചറിവിൽ നിന്നും ഇനിയൊരു മാതാപിതാക്കളുടേയും കണ്ണുനീർ ഈ ഭൂമിയിൽ പതിയാതിരിക്കാനുള്ള ദൃഢനിശ്ചയത്തോടെ, അഭിമാനത്തോടെ ആർഷവിദ്യാസമാജത്തിന്റെ പൂർണ്ണസമയ പ്രവർത്തകയായി ജീവിതം തന്നെയും സമർപ്പിച്ചു കൊണ്ട്
ഈ ജീവിതത്തിലേയ്‌ക്ക് കൈപിടിച്ചു നടത്തിയ എന്റെ ഗുരുനാഥനോടൊപ്പം അദ്ദേഹത്തിന്റെ ഈ മഹത്തായ ദൗത്യത്തിൽ അവസാന ശ്വാസം വരെയും ഞാനുമുണ്ടാകും. ഈശ്വരനും ഗുരു പരമ്പരകൾക്കും സനാതനധർമ്മത്തിനും വേണ്ടി ജീവിക്കുവാനും പോരാടുവാനും വേണ്ടിവന്നാൽ മരിക്കുവാനും തയ്യാറായി തന്നെ.
Comments