മണിപ്പൂർ സംഘർഷത്തിൽ നിലപാട് പറഞ്ഞ് അനിൽ കെ ആന്റണി. മണിപ്പൂർ സംഘർഷത്തിൽ നടക്കുന്നത് വ്യാജ പ്രചരണം എന്ന് അനിൽ കെ ആന്റണി. സംഘർഷത്തിന് പിന്നിൽ ബിജെപിയണെന്ന് വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ വ്യാജ പ്രചാരണം നടത്തുകയാണ്. ജീവന് വേണ്ടി ചിലർ പോരാടുകയാണ് എന്നാൽ കേരളത്തിൽ അതിനെ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് ചിലർ എന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും വിഘടനവാദികളും ഭീകരവാദികളും എല്ലാ കാലത്തും ശക്തമായ വെല്ലുവിളികളാണ് ഉയർത്തിയിരുന്നതെന്നും എന്നാൽ നരേന്ദ്രമോദി സർക്കാർ ആ മേഖലകളെ സമാധാനത്തിലെക്ക് തിരിച്ചെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ നടക്കുന്നത് ഗ്രോതവർഗങ്ങൾ തമ്മിലുള്ള കലാപമാണ്. അത് ഹിന്ദു- ക്രിസ്ത്യൻ കലാപമല്ല എന്നും അനിൽ പറഞ്ഞു.
മെയ്‌ത്തികളുടെ സംവരണ പ്രക്ഷോഭം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുകയാണ്. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സംഘർഷത്തെ അടിച്ചമർത്തുമെന്നും അനിൽ കെ ആന്റണി പറഞ്ഞു.
അനിൽ കെ ആന്റണിയുടെ പോസ്റ്റ്:
മണിപ്പൂരിൽ കലാപമുണ്ടായെന്ന വാർത്ത എത്തിയതു മുതൽ കേരളത്തിലെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ അതിന് പിന്നിൽ ബിജെപിയാണെന്ന പ്രചരണം തുടങ്ങി കഴിഞ്ഞു. ഒരു സ്ഥലത്ത് മനുഷ്യൻമാർ ജീവന് വേണ്ടി പോരാടുമ്പോൾ വേറൊരു സ്ഥലത്തെ ചിലർ അതിനെ തങ്ങളുടെ രാഷ്‌ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണിത്. ഇതിന് മുമ്പും മണിപ്പൂർ ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ കലാപങ്ങളും വിഘടനവാദവും നടന്നിരുന്നുവെന്ന് നമുക്കറിയാം. സൈന്യത്തിന് പ്രത്യേക അധികാരമുള്ള സ്ഥലങ്ങളിൽ ഒന്നായിരുന്ന മണിപ്പൂരിൽ അതിന്റെ പേരിൽ നടന്ന ചർച്ചകളും ആരോപണങ്ങളും ആരും മറന്നിട്ടുമില്ല. എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? മണിപ്പൂരിൽ ഗ്രോതവർഗങ്ങൾ തമ്മിലുള്ള കലാപമാണ് നടക്കുന്നത്. അല്ലാതെ ഹിന്ദു- ക്രിസ്ത്യൻ കലാപമല്ല അവിടെ നടക്കുന്നത്.
1949ലാണ് മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നത്. അവിടത്തെ പ്രധാന സമുദായമായ മെയ്‌ത്തി അതുവരെ എസ്.ടി വിഭാഗത്തിലായിരുന്നെങ്കിലും ലയനത്തിന് ശേഷം അവർക്ക് ആ പദവി നഷ്ടപ്പെട്ടു. എസ്.ടി പദവി ആവശ്യപ്പെട്ട് മെയ്‌ത്തി വിഭാഗം സമ്മർദ്ദം ശക്തമാക്കിയതോടെ ഇതിനെതിരെ സംസ്ഥാനത്തെ മറ്റ് പ്രധാന വിഭാഗങ്ങളായ നാഗ, കുകി ഗ്രോതവർഗങ്ങൾ പ്രക്ഷോഭം ആരംഭിച്ചതാണ് മണിപ്പൂരിനെ കലാപഭൂമിയാക്കിയത്. കലാപം ഉഗ്രരൂപം പൂണ്ടതോടെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടി. കേന്ദ്രസേന ഇറങ്ങിയതിന്റെ ഫലമായി കലാപകാരികളിൽ നിന്നും 9,000 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. നിരവധിപേർക്കാണ് കലാപത്തിൽ വീടും സ്വത്തുക്കളും നഷ്ടമായത്. പള്ളികളും അമ്പലങ്ങളും സർക്കാർ ഓഫീസുകളും തകർക്കപ്പെട്ടു. ബിജെപി എംഎൽഎയുടെ വാഹനം അക്രമിച്ച കലാപകാരികൾ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചു. മണിപ്പൂരിലും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും വിഘടനവാദികളും തീവ്രവാദികളും എല്ലാ കാലത്തും ശക്തമായ വെല്ലുവിളികളാണ് ഉയർത്തിയിരുന്നത്. അതെല്ലാം മറികടന്നാണ് നരേന്ദ്രമോദി സർക്കാർ ആ മേഖലകളെ സമാധാനത്തിലെക്ക് തിരിച്ചെത്തിച്ചത്. ഈ സമാധാനവും വികസനവും തകർക്കുക എന്നതാണ് ചില ഫ്രിഞ്ച് ഗ്രൂപ്പുകളുടെ ലക്ഷ്യം. കലാപം ആളികത്തിക്കുന്നതിൽ അവരുടെ പങ്ക് വ്യക്തമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്.
2012ൽ സംസ്ഥാനവും കേന്ദ്രവും കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് മെയ്‌ത്തി വിഭാഗക്കാർ തങ്ങളെയും ഗ്രോത്ര വിഭാഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുന്നത്. എന്നാൽ വോട്ട്ബാങ്ക് താത്പര്യത്തോടെ മാത്രം പ്രവർത്തിച്ച കോൺഗ്രസ് സർക്കാരിന് കൃത്യമായ നിലപാട് എടുക്കാൻ സാധിച്ചില്ല. ഇതിന്റെ ഫലമായി 2018 വരെയുള്ള കാലഘട്ടത്തിൽ നിരവധി കലാപങ്ങൾക്കാണ് മണിപ്പൂർ വേദിയായത്. 111 പേരാണ് മണിപ്പൂരിൽ ആ കാലയളവിൽ കൊല്ലപ്പെട്ടത്. നിരവധി പേരുടെ കിടപ്പാടങ്ങൾ നഷ്ടപ്പെട്ടു. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. സംസ്ഥാനത്തിന്റെ ക്രമസമാധാനം കൈവിട്ടുപോവുന്ന സാഹചര്യമുണ്ടായി. അവിടെയാണ് 2017ൽ ബിജെപി അധികാരത്തിൽ വരുന്നതോടെ കാര്യങ്ങൾ മാറി മറയുന്നത്. ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ മണിപ്പൂരിൽ സമാധാനവും വികസനവും കൊണ്ടുവന്നു. മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ഇംറോം ശർമ്മിളയെ പോലുള്ളവർ നടത്തിയ ആരോപണങ്ങൾ നമുക്ക് ഓർമ്മയുണ്ടല്ലോ? അതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ വികസനകുതിപ്പിനൊപ്പം മണിപ്പൂരും മറ്റ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളും എത്തുകയും ചെയ്തു. 2022ൽ 60ൽ 33 സീറ്റോടെ ബിജെപി വീണ്ടും മണിപ്പൂരിൽ ഒറ്റയ്‌ക്ക് അധികാരത്തിൽ വന്നത് സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു ബിജെപിയുടെ ചരിത്രവിജയം.
ഡബിൾ എഞ്ചിൻ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിഘടനവാദികളെയും തീവ്രവാദികളെയും വലിയതോതിൽ അസ്വസ്ഥരാക്കി. മാത്രമല്ല മണിപ്പൂരിലെ യുവാക്കളെ നശിപ്പിക്കാൻ ശ്രമിച്ച മയക്കുമരുന്ന് മാഫിയക്കെതിരെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന നടപടികൾ രാജ്യവിരുദ്ധ ശക്തികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി. മ്യാൻമറിൽ നിന്നെത്തിയ ചിലർ മണിപ്പൂരിനെ മയക്കുമരുന്ന് ഹബാക്കി മാറ്റിയത് ബിരേൻ സിങ്ങിന്റെ സർക്കാർ തകർത്തു. കർശനമായ നടപടികളെടുത്ത സർക്കാർ നിക്ഷിപ്ത താത്പര്യക്കാരെ നിശ്ചയദാർഡ്യത്തോടെ കൈകാര്യം ചെയ്തു. മെയ്‌ത്തികളുടെ സംവരണ പ്രക്ഷോഭം രാജ്യവിരുദ്ധ ശക്തികൾ കൃത്യമായി മുതലെടുത്തു. എന്നാൽ മണിപ്പൂരിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നതാണ് കേന്ദ്രസർക്കാർ നിലപാട്. അതുകൊണ്ട് തന്നെയാണ് ജീവഹാനിയുമില്ലാതെ മുഖം നോക്കാത്ത നടപടിയിലൂടെ കേന്ദ്രത്തിന് കലാപത്തെ അടിച്ചമർത്താനായത്.
















Comments