മലപ്പുറം : താനൂർ ബോട്ടപകടത്തിൽ നോവായി ഒരു കുടുംബത്തിലെ 11 പേരുടെ മരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് 11 ജീവനുകൾ അപകടത്തിൽ പൊലിഞ്ഞത്. പതിനൊന്ന് പേരെയും വീടിന് സമീപത്തെ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
കണ്ട് നില്ക്കുന്ന ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചക്കാണ് പരപ്പനങ്ങാടി അരയൻ കടപ്പുറം ഇന്ന് സാക്ഷ്യം വഹിച്ചത്. താനൂർ ബോട്ട് അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഒരു നാട് ഒന്നാകെ കണ്ണീരണിഞ്ഞു.
അരയൻ കടപ്പുറം മദ്രസയിലെ പൊതുദർശനത്തിനുശേഷം സമീപത്തെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ പ്രത്യേകം തയ്യാറാക്കിയ 11 അറകളിലാണ് ഖബറടക്കം നടന്നത് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ തന്റെ അമ്മയുടെ സമീപത്തായി ഖബറിൽ വെച്ചപ്പോൾ അത്രനേരം അടക്കിപ്പിടിച്ചവർ പോലും വിതുമ്പി.
താനൂർ കുന്നുമ്മൽ സൈതലവിയുടെ സഹോദര ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരാണ് അപകടത്തിൽ മരിച്ചത്. കുടുംബ വീട്ടിലെ ഒത്തു ചേരലിന് ശേഷം കുട്ടികളുടെ നിർബന്ധപ്രകാരം തൂവരൽത്തീരത്തേക്ക് തിരിച്ചതായിരുന്നു കുടുംബം.
തിരൂരങ്ങാടി ആശുപത്രിയിൽ ആയിരുന്നു ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം എല്ലാവരുടെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി. സീനത്ത് ഷംന, ഹസ്ന, സഫ്ന, ജൽസിയ, ജരീർ, നൈറ, റുഷ്ദ, സഹറ, റസീന, ഫിദ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഇതീവ ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടർന്ന് ഇന്ന് പരപ്പനങ്ങാടി നഗരസഭ ഹർത്താൽ ആചരിക്കുന്നു.
















Comments