മലപ്പുറം: 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ട ഉടമ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ട് ഡ്രൈവർക്കും സഹായിക്കുമായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ പൂരപ്പുഴ അഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരും. ബോട്ടിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരുക.
ഏറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബോട്ടുടമ നാസറിനെ പിടികൂടാനായത്. നാസർ നെടുമ്പാശേരി വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പോലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ കോഴിക്കോട് മടങ്ങി എത്തുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തു. പോലീസിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് നാസറിന്റെ വാഹനം പിടികിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിലുണ്ടായിരുന്നു. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നായിരുന്നു പോലീസിന് ആദ്യഘട്ടത്തിൽ ലഭിച്ച സൂചന. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാസറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ബോട്ട് സവാരി നടത്താൻ അഴിമുഖത്ത് ആഴം കൂട്ടിയതായും മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് ഇയാൾ വിനോദ സഞ്ചാരികളെ കൊണ്ടുപോയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
















Comments