അപകട സാഹചര്യങ്ങളിൽ അതിവേഗം കുതിച്ചെത്താൻ കൊച്ചി വാട്ടർ മെട്രോയുടെ എമർജൻസി റെസ്‌പോൺസ് ബോട്ട്. അപകടം നടന്നാൽ ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തുന്ന തരത്തിൽ ഹൈക്കോർട്ട് വാട്ടർമെട്രോ സ്‌റ്റേഷനിലാണ് എമർജൻസി റെസ്‌പോൺസ് ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് ബോട്ടുകൾ കൂടി ഉടനെത്തുമെന്നും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് അറിയിച്ചു. ഗരുഡ എന്നാണ് എമർജൻസി റെസ്‌പോൺസ് ബോട്ടിന് പേര് നൽകിയിരിക്കുന്നത്.
24 നോട്ടിക്കൽ മൈൽ വരെ വേഗത്തിലായിരുക്കും എമർജൻസി റസ്പോൺസ് ബോട്ട് ഗരുഡ കുതിച്ചെത്തുക. ഏഴു മിനിറ്റുകൊണ്ട് ഹൈക്കോർട്ട് ഭാഗത്ത് നിന്ന് ബോട്ട് വൈപ്പിനിലെത്തും. 20 പേരെ വരെ ഒരേ സമയം രക്ഷിച്ച് കരയ്‌ക്കെത്തിക്കാൻ കഴിയും. ബോട്ടിലെ സുരക്ഷാ സംവിധാനങ്ങൾക്കുപുറമെയാണ് സുരക്ഷാബോട്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് സി ഒ ഒ സാജൻ ജോൺ പറഞ്ഞു.
വാട്ടർ മെട്രോ സുരക്ഷിതമാണെന്നും എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളുമുണ്ടെന്നും വാട്ടർ മെട്രോ എം ഡി ലോക് നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.
ഹൈകോർട്ട് – വൈപ്പിൻ ടെർമിനലുകളിൽ നിന്നും, വൈറ്റില – കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് വാട്ടർ മെട്രോയുടെ സർവീസ്. പദ്ധതി പൂർണമാകുമ്പോൾ 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.
















Comments