ആലപ്പുഴ: ഗോവ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ആലപ്പുഴയിൽ നടന്നു. ഝാർഖണ്ഡ് ഗവർണർ സി. പി രാധാകൃഷ്ണനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ശ്രീധരൻ പിള്ള രചിച്ച ‘ദി മാർച്ച്, മൈ പ്രൗഡ് മൊമന്റ്സ് ഇൻ ഗോവ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്. ബിഎംഎസ് മുതിർന്ന നേതാവ് അഡ്വ. സി.കെ. സജി നാരായാണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. ഇതോടെ ശ്രീധരൻ പിള്ള രചിച്ച 197 പുസ്തകങ്ങളുടെ പ്രകാശനമാണ് പൂർത്തിയായത്.
വിമർശകരാണ് വഴികാട്ടികൾ എന്ന് അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളാണ് തനിക്ക് എന്നും പ്രചോദനം. ഒന്നും മോഹിക്കാതെ സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി ജിവിതം സമർപ്പിച്ച ആലപ്പുഴക്കാരായ പി. പരമേശ്വരനെ പോലുള്ളവരാണ് മാതൃക. ആർഎസ്എസ് ശാഖകളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളൂടെയും ലഭിച്ച മൂല്യങ്ങൾ കൈവിടാതെയാണ് തന്റെ പ്രവർത്തിയും രചനകളും. യുവ തലമുറയിലെ എഴുത്തുകാർക്ക് വലിയ പരിഗണന ലഭിക്കുന്നില്ലെന്നും തന്റെ 200-മത്തെ പുസ്തക പ്രകാശനം ഉടൻ ഉണ്ടാവുമെന്നും നാലു പുസ്തകങ്ങൾ അച്ചടിക്കുകയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്‌ട്രീയം സാമൂഹ്യ പ്രവർത്തനമാകണമെന്നും, രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദങ്ങൾ ഉണ്ടാവണമെന്നും പുസ്തകപ്രകാശനം നടത്തി കൊണ്ട് ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ പറഞ്ഞു.
മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അക്ഷരങ്ങൾക്ക് വർണമില്ലെങ്കിലും എല്ലാവർക്കും വർണാനുഭവം പകർന്നു നല്കും. സരസ്വതി ഏകാനുഭവം നല്കുന്നതാണ്. ഇത്രയും സാരസ്വതമുള്ള നാട് ഭാരതമല്ലാതെ മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുതർന്ന നേതാവ് കെ. രാമൻപിള്ള, സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, സംഘാടക സമിതി ചെയർമാൻ കെ. സോമൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. രാഷ്‌ട്രീയ കലാ സാമൂഹ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
















Comments