തിരുവനന്തപുരം: അറസ്റ്റിലായ ഒരു പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2022 ജൂണിലാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഇപ്പോഴിതാ ഈ ഉത്തരവാണ് വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമ്പോൾ ഒപ്പം വരുന്ന പോലീസുദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഈ ഉത്തരവ്. ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനായിരുന്നു ഈ നടപടി.
എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ചു മനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരവുമുണ്ട്. മാത്രമല്ല പ്രതികളുടെ മുൻകാല രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് ഡോക്ടർക്ക് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യാം. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്.
മലപ്പുറം താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ.പ്രതിഭ ഈ ഉത്തരവ് നടപ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരിനെ സമീപിച്ചിരുന്നു. അവസാനം ഡോ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്. 2018-ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ. പ്രതിഭ ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. പിന്നീടാണ് ഡോ. പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിച്ചത്.
















Comments