തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അദ്ധ്യാപകൻ സന്ദീപ് കുത്തിക്കൊന്ന യുവ ഡോക്ടർ വന്ദന കേരളക്കരയ്‌ക്ക് തീരാവേദനയാകുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസിന്റെ ദൃശ്യങ്ങൾ പുറത്ത്.
കൊല്ലപ്പെടുന്നതിന് അല്പം മുൻപ് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വെച്ച് സന്ദീപിന് ചികിത്സ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സന്ദീപിന് അരികിൽ ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിനൊപ്പം ഡോക്ടർ വന്ദന നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വന്ദനയുടെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വന്ദനയുടെ തലയിൽ മൂന്ന് തവണ പ്രതികുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അതിക്രൂരമായാണ് ഡോ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്കരിക്കുക.
കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
















Comments