കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവർ. ഫാറ്റി ലിവർ ഉണ്ടാകാൻ കാരണം മദ്യപാനമാകാം.അതിനെ നമുക്ക് ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് വിളിക്കാം. മദ്യപാനം കാരണമില്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവർ ഉണ്ട്. അത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD) ആകാം. കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി കാരണം ഫാറ്റി ലിവർ ഇന്ത്യയിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
ഫാറ്റി ലിവർ രോഗമുള്ള പലർക്കും രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടാറില്ല. ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളിൽ ക്ഷീണം, വയറുവേദന, പൊതുവായ അസ്വാസ്ഥ്യം വയറിലെ നീർവീക്കം, മഞ്ഞപ്പിത്തം, ചൊറിച്ചിൽ എന്നിവ ഉൾപ്പെടാം.
മദ്യപാനം മാത്രമാണ് ഫാറ്റി ലിവറിന് പ്രധാന കാരണമെന്ന് നേരത്തെ കരുതപ്പെട്ടിരുന്നു. പക്ഷെ ഇന്ന് മദ്യപിക്കാത്ത അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു. പ്രമേഹവും രക്തത്തിലെ ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകളും മറ്റ് അപകട ഘടകങ്ങളാണ്.
നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും
ഫാറ്റി ലിവർ രോഗത്തിന് പ്രത്യേക ചികിത്സയില്ലെങ്കിലും, ഈ അവസ്ഥയെ മാറ്റാൻ സ്വീകരിക്കാവുന്ന നടപടികളുണ്ട്. അമിതവണ്ണമാണ് രോഗത്തിന്റെ പ്രാഥമിക കാരണം എന്നതിനാൽ ശരീരഭാരം കുറയ്‌ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഫാറ്റി ലിവർ ചികിത്സയുടെ ആദ്യപടി രോഗനിർണയമാണ്. ഫാറ്റി ലിവർ നിർണ്ണയിക്കാൻ ഡോക്ടർമാർ സാധാരണയായി രക്തപരിശോധന, ഇമേജിംഗ് ടെസ്റ്റുകൾ, കരൾ ബയോപ്സി എന്നിവയുടെ സംയോജനമാണ് ശുപാർശ ചെയ്യുന്നത്.
കരൾ എൻസൈമിന്റെ അളവ് പരിശോധിക്കുന്നതിനും മറ്റ് കരൾ രോഗങ്ങൾ ഒഴിവാക്കുന്നതിനും രക്തപരിശോധന ഉപയോഗിക്കുന്നു. അൾട്രാസൗണ്ട്, എലാസ്റ്റോഗ്രഫി (ഫൈബ്രോ സ്കാൻ), സിടി സ്കാൻ, എംആർഐ തുടങ്ങിയ ഇമേജിംഗ് ടെസ്റ്റുകൾ കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു. കരൾ ബയോപ്‌സി, ഒരു രോഗ നിർണ്ണയ പ്രക്രിയയായി ഇപ്പോൾ വളരെ കുറവാണ് ചെയ്യുന്നത്,
ആൽക്കഹോളിക് ഫാറ്റി ലിവർ എങ്ങനെ ചികിത്സിക്കാം
മദ്യപാനത്തിന്റെ ഫലമായി ഫാറ്റി ലിവർ രോഗമുള്ള ആളുകൾക്ക്, മദ്യപാനം നിർത്തുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. മിതമായ മദ്യപാനം പോലും ഫാറ്റി ലിവർ രോഗത്തിന്റെ വികാസത്തിന് കാരണമാകും, അമിതമായ മദ്യപാനം കരളിന് മാറ്റാനാവാത്ത കേടുപാടുകൾ വരുത്തും. അമിതമായ മദ്യപാനം നിർത്തുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടത് പ്രധാനമാണ്, കാരണം പിൻവലിയൽ ലക്ഷണങ്ങൾ (alcohol withdrawal syndrome ) കഠിനവും ജീവന് ഭീഷണിയുമാകാം.
കുറച്ച് ദിവസത്തേക്ക് പോലും വലിയ അളവിൽ മദ്യം കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കുകായും ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുകയും ചെയ്യും . പഠന കണക്കുകൾ പ്രകാരം, പ്രതിദിനം 4 പെഗ്ഗിൽ കൂടുതൽ മദ്യം കുടിക്കുന്ന 90 ശതമാനം ആളുകളിലും ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നു. ഒരു ദിവസം രണ്ടു കുപ്പി ബീയർ അകത്താക്കുന്ന ആളിനും ഇതേ റിസ്ക്ക് തന്നെയാണ്
ഒരാൾക്ക് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, ദീർഘകാല മദ്യപാനം കുറയ്‌ക്കുന്നതിലൂടെ അത് മാറ്റാൻ സാധിക്കും. നിങ്ങൾ ഒരു നിശ്ചിത സമയത്തേക്ക് മദ്യപാനം നിർത്തിയാൽ നിങ്ങളുടെ കരൾ അധിക കൊഴുപ്പ് കത്തിച്ചു കളയാൻ തുടങ്ങും.
പക്ഷെ അതിനുശേഷവും മദ്യപാനം തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വളരെ നിയന്ത്രിത അളവിൽ മെഡിക്കൽ മേൽനോട്ടത്തിൽ ആയിരിക്കണം.
എന്തുകൊണ്ടാണ് ലൈഫ്സ്റ്റൈൽ മാനേജ്മെന്റ് പ്രധാനമായിരിക്കുന്നത്?
രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുകയും കരളിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ പ്രാഥമിക ലക്ഷ്യം. ഫാറ്റി ലിവർ ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ഉൾപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക, ശരീരഭാരം കുറയ്‌ക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവ ഇതിൽ അത്യന്താപേക്ഷിതമാണ്. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറവുള്ള ഭക്ഷണങ്ങൾ ആരോഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരഭാരം കുറയ്‌ക്കുന്നതും പ്രധാനമാണ്, കാരണം ശരീരത്തിലെ അധിക കൊഴുപ്പ് ഫാറ്റി ലിവറിന്റെ വർദ്ധനവിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് കരളിലെ കൊഴുപ്പ് കുറയ്‌ക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ചില സന്ദർഭങ്ങളിൽ, ഫാറ്റി ലിവർ ചികിത്സിക്കാൻ മരുന്നുകൾ നിർദ്ദേശിക്കപ്പെടാം. പക്ഷെ കഠിനമായ ഫാറ്റി ലിവറിന്റെ കേസുകളിൽ, ജീവിതശൈലി മാറ്റങ്ങളും മരുന്നുകൾ ഫലപ്രദമല്ലാത്തപ്പോൾ ശസ്ത്രക്രിയയും ശുപാർശ ചെയ്യുന്നു. ഫാറ്റി ലിവർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ശസ്ത്രക്രിയ ബാരിയാട്രിക് സർജറിയാണ്, ഇത് ശരീരഭാരം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയാണ്. ഇത് വയറിന്റെ വലിപ്പം കുറയ്‌ക്കുകയും കഴിക്കാവുന്ന ഭക്ഷണത്തിന്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് രോഗികളുടെ ശരീരഭാരം കുറയ്‌ക്കാനും കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും സഹായിക്കും.
ഇന്ത്യയിൽ ഫാറ്റി ലിവർ ഒരു സാധാരണ അവസ്ഥയാണ്, പക്ഷെ അത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. കരളിന്റെ കേടുപാടുകൾ തടയുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിർണയവും ചികിത്സയും നിർണായകമാണ്. ജീവിതശൈലി മാറ്റമാണ് ഏറ്റവും ഫലപ്രദമായ ചികിത്സ.
ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഫാറ്റി ലിവർ നിയന്ത്രിക്കാനാകും
Comments