പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി ജുഡീഷ്യൽ കസ്റ്റഡി വിട്ടു. മെയ് 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ ഉച്ചയോടെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദേശീയ തലസ്ഥാനത്ത് 10 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ ഷഹീൻ ബാഗിലെ വീട്ടിലും, സംശയാസ്പദമായ സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ഡിജിറ്റൽ ഉപകരണങ്ങൾ ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയ രേഖകൾ എൻഐഎ പരിശോധനക്കയച്ചിരിക്കുകയാണ്.
അതേസമയം തീവ്ര മുസ്ലീം പ്രചാരകരെ ഷാരൂഖ് സെയ്ഫി പിന്തുടർന്നിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. സാക്കിർ നായിക്, പാകിസ്താൻകാരായ താരിക് ജമീൽ, ഇസ്രാർ അഹമ്മദ്, തൈമു അഹമ്മദ് എന്നിവരെ ഇയാൾ സമൂഹമാദ്ധ്യമങ്ങൾ വഴി പിന്തുടർന്നിരുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പ്രതിയെ ചോദ്യം ചെയ്യലിൽ നിന്നും, ഫോൺ രേഖകളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡൽഹിയിൽ പത്തിടത്ത് എൻഐഎ സംഘം പരിശോധന നടത്തിയത്.
ആദ്യ ഘട്ടത്തിൽ പരിശോധന നടന്നപ്പോൾ ഷാറൂഖുമായി അടുപ്പമുള്ളവരെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നേരത്തെ കോഴിക്കോടും, കണ്ണൂരും എൻഐഎ പരിശോധന നടന്നിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ കയറി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതി സമ്മതിച്ചിരുന്നു. ഷാരൂഖിന്റെ ഭീകരവാദ ബന്ധങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻഐഎ.
















Comments