ഇന്ന് മാതൃദിനം. മാതൃസ്‌നേഹത്തിന് പകരം വെയ്‌ക്കാൻ മറ്റൊന്നുമില്ലെന്നതാണ് സത്യം. അമ്മയെ സ്‌നേഹിക്കാനും ആശംസിക്കാനും പ്രത്യേക ദിനം ആവശ്യമില്ലെങ്കിലും അമ്മമാർക്കായി ലോകമെമ്പാടും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ് മുലപ്പാൽ. കുഞ്ഞിന്റെ നിലനിൽപ്പിനും രോഗപ്രതിരോധത്തിനും അനിവാര്യമായ ഒന്നാണ് മുലപ്പാൽ. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്ക് ആവശ്യമാണ് മുലപ്പാൽ. പല കാരണങ്ങൾ കൊണ്ടും അമ്മയുടെ പാൽ രുചിക്കാനുള്ള ഭാഗ്യം പല ശിശുക്കൾക്കും ലഭിച്ചെന്ന് വരില്ല. എന്നാൽ അത്തരം കുഞ്ഞുങ്ങളുടെ അമ്മയാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക്ക. ചുരുങ്ങിയ ഏഴ് മാസക്കാലം കൊണ്ട് സിന്ധു മുലയൂട്ടിയത് 1,400 കുഞ്ഞുങ്ങളെയാണ്. ഇത്രയും കുഞ്ഞുങ്ങൾക്ക് പാൽ ചുരത്തിയപ്പോൾ സിന്ധു അറിഞ്ഞില്ല, അവർ അറിയാതെ അവർ റെക്കോർഡ് നേടുകയാണെന്ന്. 2021 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ 42,000 മില്ലിലിറ്റർ മുലപ്പാലാണ് തമിഴ്‌നാട് സർക്കാരിന്റെ എൻഐസിയുവിലേക്ക് നൽകിയത്. ഇതിന് പിന്നാലെ സിന്ധു ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു.
ഒന്നര വയസുകാരിയായ വെൺപയുടെ അമ്മ കൂടിയാണ് സിന്ധു. മകളെ മുലയൂട്ടി കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്‌ക്കുകയും ചെയ്യും.ബ്രസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് പാൽ ശേഖരിക്കുന്നത്. അതിന് ശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കും. അമൃതം എൻജിഒയിലെ അംഗങ്ങൾ ഓരോ മാസാവസാനവും വീട്ടിലെത്തി പാൽ കൊണ്ടുപോകും. തുടർന്ന് കോയമ്പത്തൂരിലെ ഗവൺമെന്റ് ആശുപത്രിയിലെ എൻഐസിയു ഡിപ്പാർട്ട്‌മെന്റിലെത്തിക്കുമെന്ന് സിന്ധു പറയുന്നു.
മകൾക്ക് രണ്ടര മാസം ആയപ്പോഴാണ് ഇത്തരത്തിൽ മുലപ്പാൽ നൽകാമെന്ന് താൻ അറിഞ്ഞതെന്ന് സിന്ധു പറഞ്ഞു. തുടർന്നാണ് എൻജിഒ ആയ അമൃതത്തെ സമീപിച്ചത്. മകൾക്ക് നൂറ് ദിവസം പൂർത്തിയായത് മുതലാണ് മുലപ്പാൽ ശേഖരിച്ച് നൽകി തുടങ്ങിയതെന്നും സിന്ധു വ്യക്തമാക്കി. കുഞ്ഞിന് രണ്ടര വയസ് പ്രായമായിട്ടും മുലപ്പാൽ നൽകുന്നത് നിർത്തിയിട്ടില്ല.
മുലപ്പാൽ നൽകുന്നതിന് ഭർത്താവ് മഹേശ്വരനും അച്ഛൻ തിരുനവക്കരസുവും അമ്മ ഗുരുമണിയും പൂർണ പിന്തുണയാണ് നൽകുന്നതെന്നും സിന്ധു കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ. തന്നെ എല്ലാ കാര്യത്തിലും സഹായിച്ചത് ഭർത്താവാണെന്നും അദ്ദേഹമാണ് തന്റ് നട്ടെല്ലെന്നും സിന്ധു പറഞ്ഞു.
Comments