ന്യൂഡൽഹി: കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഇനി സിബിഐ തലപ്പത്ത്. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ മൂന്നംഗ നിയമന സമിതിയുടേതാണ് തീരുമാനം.
മൂന്നംഗ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) സൂദിന്റെ നിയമനത്തിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഹിമാചൽപ്രദേശാണ് സ്വദേശം. 2020 ഫെബ്രുവരി 1-നാണ് കർണാടകയിലെ ഡിജി & ഐജിപിയായി നിയമിതനായത്. ഡൽഹി ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പുതിയ കാലത്തെ കുറ്റകൃത്യങ്ങൾ, ക്രമസമാധാന വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും സാധാരണക്കാർക്ക് എളുപ്പത്തിൽ പോലീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യ സംയോജിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് സൂദായിരുന്നു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവന വളരെ വലുതായിരുന്നു.
















Comments