കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അദ്ദേഹം ഡോ. വന്ദനയുടെ കോട്ടയത്തെ വീട്ടിലെത്തിയത്. വന്ദനയുടെ അമ്മ സുരേഷ് ഗോപിയെ നേരിൽ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കണം എന്ന് വന്ദനയുടെ അമ്മ ആവശ്യപ്പെട്ടു. സന്ദർശനത്തിനു ശേഷം പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് വികാരഭരിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രിയെ സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്നങ്ങൾ പൊലിഞ്ഞു പോയി. കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ്. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു’ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മകൻ മാധവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോ. അരുൺ അറിയിച്ചു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
മെയ് 10-ന് പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
















Comments