ഡെറാഡൂൺ: കേദാർനാഥ് ധാമിൽ മഞ്ഞുവീഴ്ച ശക്തമായതോടെ തീർത്ഥാടകർക്ക് നിർദ്ദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേദാർനാഥിൽ മഞ്ഞുവീഴ്ച അതി ശക്തമാകുകയാണ്. ഇതേ തുടർന്നാണ് തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് മുൻകരുതലുകൾ നടത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കുടകൾ, മഴക്കോട്ടുകൾ, എന്നിവ കൈവശം വെയ്‌ക്കണമെന്ന് തീർത്ഥാടകരോട് അധികൃതർ നിർദ്ദേശിച്ചു. അവശ്യമരുന്നുകളും കയ്യിൽ കരുതണം. കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങളും വിവരങ്ങളും അറിഞ്ഞതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാവുവെന്നും അധികൃതർ അറിയിച്ചു. കേദാർനാഥിലും ബദരീനാഥിലും മെയ് മാസത്തിൽ തുടർച്ചയായി മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്. ഇത് അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമാണെന്നും
കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചാർധാം യാത്ര ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ നാല് ലക്ഷത്തിലധികം തീർത്ഥാടകരാണ് ബദരീനാഥും കേദാർനാഥും സന്ദർശിച്ചത്. കേദാർനാഥ് ധാം വാതിൽ ഏപ്രിൽ 25-നും ബദരീനാഥ് വാതിൽ ഏപ്രിൽ 27-നും ഭക്തർക്കായി തുറന്നിരുന്നു.
















Comments