കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇതുസംബന്ധിച്ച് ഇന്ന് കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കം.
അക്രമം നടന്നതിന്റെ തലേ ദിവസത്തെ അടക്കമുള്ള സന്ദീപിന്റെ പെരുമാറ്റ രീതികൾ പരിശോധിക്കും. ഇതിനായി സന്ദീപിന്റെ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും സഹപ്രവർത്തകരുടെയും മൊഴി പോലീസ് ശേഖരിക്കും. സന്ദീപിന്റെ ഫോൺ കോൾ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പോലീസ് പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കുകൾ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു.
ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് താൻ അക്രമിച്ചതെന്നാണ് സന്ദീപ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം പൂർണ്ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. കഴിഞ്ഞദിവസവും ജയിൽ ഡോക്ടർ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തിയാണ് ഡോ. അരുൺ സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
അതേസമയം സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് ആവർത്തിച്ചു പറഞ്ഞു. ‘സംഭവ ദിവസം താൻ മദ്യപിച്ചിരുന്നു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ നാട്ടുകാർ മർദ്ദിച്ചു. അവർ പിന്തുടർന്നപ്പോൾ പോലീസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു’- എന്നും സന്ദീപ് പറയുന്നു.
മെയ് 10-ന് പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
















Comments