ചണ്ഡീഗഡ്: സംസ്ഥാനത്തെ രണ്ട് റീജയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് അംഗീകാരം നൽകി ഹരിയാന സർക്കാർ. ഡൽഹി-ഗുരുഗ്രാം- അൽവാർ, ഡൽഹി-പാനിപ്പത്ത് എന്നീ രണ്ട് പദ്ധതികൾക്കാണ് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
37,000 കോടി രൂപ മുതൽ മുടക്കിലാണ് ഡൽഹി-അൽവാർ ആർആർടിഎസ് പദ്ധതി നടപ്പിലാക്കുന്നത്. 107 കിലോമീറ്റർ ദൂരത്തിൽ 70 കിലോമീറ്റർ എലിവേറ്റഡ് പതായും 37 കിലോ മീറ്റർ ഭൂഗർഭ പാതയുമാണ്. ആറ് ഭൂഗർഭ, ഒമ്പത് എലിവേറ്റഡ്, ഒരു അറ്റ്-ഗ്രേഡ് സ്റ്റേഷനുകളാണ് ഈ പാതയിൽ തയ്യാറാക്കുക.
ഡൽഹി-പാനിപ്പത്ത് ആർആർടിഎസ് ഇടനാഴിക്ക് 103 കിലോമീറ്റർ നീളമാണുണ്ടാകുക. 11.5 കിലോമീറ്റർ എലിവേറ്റഡ് പാതയും ബാക്കി 91.5 കിലോമീറ്റർ ഭൂഗർഭ പാതയുമായാണ് സജീകരിക്കുന്നത്. ഇതിൽ രണ്ട് ഭൂഗർഭ, 14 എലിവേറ്റഡ്, രണ്ട് അറ്റ് ഗ്രേഡ് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 37,500 കോടി രൂപ മുതൽ മുടക്കിലാണ് ഡൽഹി-പാനിപ്പത്ത് ആർആർടിഎസ് പദ്ധതിയുടെ നടപ്പിലാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് ഹരിയാന, രാജസ്ഥാൻ, ഡൽഹി സർക്കാരുകൾ രണ്ട് ആർആർടിഎസ് പദ്ധതികൾക്കും അംഗീകാരം നൽകിയത്. സുസ്ഥിരവും വേഗതയേറിയതും സുഖപ്രദവുമായ പൊതുഗതാഗതം പ്രദാനം ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
Comments