കോഴിക്കോട്: ഭിന്നശേഷിയുള്ള 13-കാരിക്ക് നേരെ മർദ്ദനമെന്ന് പരാതി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി കോഴിക്കോട് നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയുടെ കാൽമുട്ടിന് മുകളിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലുള്ള വി-സ്‌മൈൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കുട്ടിയുടെ മാതാവ് മെഡിക്കൽ കോളേജ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ഒളവണ്ണ സ്വദേശിയാണ് മർദ്ദനമേറ്റ പെൺകുട്ടി. സ്‌കൂൾ അവധിക്കാലമായതിനാൽ ഭിന്നശേഷിക്കാർക്ക് റിഫ്രഷ്‌മെന്റ് കോഴ്‌സ് നൽകാമെന്നായിരുന്നു സ്ഥാപനയുടമ സൈനബയുടെ വാഗ്ദാനം. ആദ്യ ഘട്ടത്തിൽ കോഴ്‌സ് സൗജന്യമാണെന്നാണ് അറിയിച്ചിരുന്നത് എങ്കിലും പിന്നീടിത് കുട്ടിയുടെ രക്ഷിതാക്കൾ സ്‌പോൺസർ ചെയ്യണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടു. അപ്പോഴേക്കും കുട്ടിയെ വി-സ്‌മൈലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മകളെ കാണാൻ മാതാവ് എത്തുന്ന സമയത്ത് ജനലിലൂടെ കുട്ടിയുടെ മുഖം മാത്രമേ കാണിച്ചിരുന്നുള്ളൂവെന്നും കുടുംബം പറയുന്നു.
കുടുംബത്തിന് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ സാധിക്കാതിരുന്നതിനാൽ പെൺകുട്ടിയോട് സ്ഥാപനം അവഗണന കാണിച്ചിരുന്നുവെന്നാണ് പരാതി. ഒടുവിൽ കുട്ടിയെ കൊണ്ടുപോകാൻ മാതാവ് എത്തിയപ്പോൾ സ്ഥാപനയുടമയുമായി തർക്കമുണ്ടായെന്നാണ് വിവരം. പെൺകുട്ടിയുടെ മാതാവിനെ സ്ഥാപനയുടമയും സഹായിയും ചേർന്ന് അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്. തുടർന്ന് കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് മർദ്ദനത്തിന്റെ പാടുകൾ മാതാവ് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടുകയും മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം പെൺകുട്ടിയുടെ മാതാവുമായി തർക്കമുണ്ടായെന്നത് വാസ്തവമാണെന്നും എന്നാൽ കുട്ടിയുടെ മർദ്ദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനയുടമ സൈനബയുടെ പ്രതികരണം.
Comments