കുടുംബശ്രീയുടെ പരിപാടിക്കിടെ സീരിയൽ താരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ രാഷ്‌ട്രീയ നേതാവിന് അതേ പരിപാടിയിൽ വെച്ച് മറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ വച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം. പെൺവെട്ടം എന്നായിരുന്നു പരിപാടിയുടെ പേര്. സീരിയൽ താരം സാജൻ സൂര്യയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പരിപാടിയിൽ സംസാരിച്ച രാഷ്‌ട്രീയ നേതാവിന് മഞ്ജു നൽകിയ മറുപടിയും സാജൻ സൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
‘സീരിയൽ പോലുള്ള പരിപാടികൾ ഞാൻ കാണാറില്ല, അതിനാൽ
നടികൾ പരിപാടിക്ക് വരുന്നത് എനിക്കിഷ്ടമല്ല എന്നാണ് രാഷ്‌ട്രീയ നേതാവ് പൊതുവേദിയിൽ വെച്ച് പറഞ്ഞത്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. അഭിനയം അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ അത്ര എളുപ്പവുമല്ല. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
‘സീരിയൽ നടികളെ ഇകഴ്‌ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് ‘ പെൺവെട്ടം’ എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം’ വിഡിയോ പങ്കുവച്ചുകൊണ്ട് സാജൻ സൂര്യ കുറിച്ചു.
Comments