ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം കൂടിയാണിത്.
ശിവക്ഷേത്രം അഞ്ചു മുതൽ ആറ് ഡിഗ്രി വരെയും ക്ഷേത്രവളപ്പിലെ മറ്റ് ചില നിർമിതികൾ പത്ത് ഡിഗ്രി വരെയും ചെരിയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിഗണിച്ച് ക്ഷേത്രത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ രുദ്രപ്രയാഗ് ജില്ലയിലെ 12800 അടി ഉയരത്തിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ പൊതുജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണസമിതിക്കും ആർക്കിയോളജി വകുപ്പ് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. ക്ഷേത്രം ഇടിഞ്ഞുവീഴുന്നതിനുള്ള സാധ്യതകൾ എഎസ്‌ഐ തള്ളിക്കളയുന്നില്ല. എന്നാൽ ക്ഷേത്രം അടച്ചിട്ട് ചരിവ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനോട് ഭരണസമിതിക്ക് താല്പര്യമില്ലെന്നാണ് സൂചനകൾ. ആയിരത്തോളം വർഷം പഴക്കമുള്ളതാണ് ക്ഷേത്രം.
Comments