തനിക്കുണ്ടായ ദുരനുഭവം മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് യുവ അഭിനേത്രി നന്ദിത ശങ്കര. മാദ്ധ്യമങ്ങളിൽ പേര് വന്നതിനെ ഭയക്കുന്നില്ലെന്നും പരാതി കൊടുക്കുന്ന പെൺകുട്ടികൾ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും നന്ദിത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
നന്ദിത തൃശൂരിൽ നിന്ന് ചിത്രീകരണവുമായി ബന്ധപ്പെട്ട് ബസിൽ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു സവാദ് എന്ന യുവാവിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടത്. നന്ദിത പ്രതികരിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തതോടെ എഴുന്നേറ്റ യുവാവ് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മോശം അനുഭവം സുഹൃത്തിനെ അറിയിച്ചപ്പോൾ സുഹൃത്താണ് വിഡിയോ പകർത്താൻ നിർദ്ദേശിച്ചതെന്നും തുടർന്നാണ് വീഡിയോ പകർത്തിയതെന്നും നന്ദിത പറഞ്ഞു.
ഇത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്കെതിരായ കമന്റുകളാണ് വരാറുള്ളതെന്നും എന്നാൽ ഇത്തവണ അത്തരം കമന്റുരൾ വന്നില്ലെന്നും സ്ഥിതി മാറിയതിൽ സന്തോഷമുണ്ടെന്നും നന്ദിത പറഞ്ഞു. യുവാവിന്റെ മുഖം മറിയ്‌ക്കാതെ വീഡിയോ ഇട്ടതിൽ ഖേദമില്ലെന്നും ഇതേയാൾ തങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് അഞ്ച് പെൺകുട്ടികൾ തനിക്ക് മെസേജ് അയച്ചിരുന്നതായും നന്ദിത പറഞ്ഞിരുന്നു. പ്രതി കോഴിക്കോട് സ്വദേശി സവാദിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ സംബന്ധിച്ച ഐപിസി 354,509 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments