തിരുവനന്തപുരം: ലൈഫ്മിഷൻ കരാർ കമ്മീഷൻ കേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സന്ദീപ് നായർക്ക് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ ദിവസവും ഹാജരാകാൻ കേസ് പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി നോട്ടീസ് നൽകിയിരുന്നെങ്കിലും സന്ദീപ് ഹാജരായിരുന്നില്ല. കേസിൽ മൂന്നാം പ്രതിയാണ് സന്ദീപ് നായർ.
ലൈഫ് മിഷൻ കരാർ കമ്മീഷൻ കേസിൽ ഇഡി അന്തിമ കുറ്റപത്രം നൽകിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു കുറ്റപത്രം നൽകിയത്. കേസിൽ ആകെ 11 പ്രതികളാണുള്ളത്. കുറ്റപത്രം പരിശോധിച്ച ശേഷം കോടതി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറ്റ് പത്ത് പ്രതികളിൽ പലരും, നേരിട്ടും, ചിലരുടെ അഭിഭാഷകരും എത്തിയപ്പോൾ സന്ദീപ് നായർക്ക് വേണ്ടി അഭിഭാഷകരും ഹാജരായില്ല. തുടർന്നാണ് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യൂണി ടാക് എം ഡി സന്തോഷ് ഈപ്പൻ ലൈഫ് മിഷനിൽ ഇ ഡി കുറ്റപത്രത്തിൽ ഒൻപതാം പ്രതിയാണ്. കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ടൻ്റ് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ലൈഫ്മിഷൻ ഇഡി കേസിൽ ഒന്നാം പ്രതി. ജയിലിലുള്ള എം ശിവശങ്കറെ ഓൺലൈനായിട്ടായിരുന്നു കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളെല്ലാം ലൈഫ് മിഷനിലും പ്രതികളാണ്.
കേസിൽ സന്തോഷ് ഈപ്പന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചിരുന്നതിനാൽ ഇഡിയും ജാമ്യാപേക്ഷയെ എതിർത്തിരുന്നില്ല. സന്തോഷ് ഈപ്പനെ ഏഴുദിവസത്തോളം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ലൈഫ്മിഷൻ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന കമ്മീഷൻ ഇടപാടിന്റെ മുഖ്യ സൂത്രധാരൻ എം ശിവശങ്കറാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
Comments