നിരോധിച്ച 2000 രൂപനോട്ടുകൾ മാറാനായി ബാങ്കിൽ എത്തുന്നവർ ഐഡന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷാ ഫോമോ നൽകേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഫോം നൽകാതെ 20,000/- രൂപവരെ മാറ്റാവുന്നതാണ്. ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. കൂടാതെ ബാങ്കുകളിൽനിന്ന് ഉപഭോക്താക്കൾക്ക് 2000 രൂപ നൽകാൻ പാടില്ലെന്നും ആർബിഐ അറിയിച്ചിരുന്നു. നിലവിൽ ജനങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരും. ഇന്നുമുതൽ ജനങ്ങൾക്ക് ബാങ്കിലെത്തി പണം മാറ്റാവുന്നതാണ്.
സെപ്റ്റംബർ 30 ന് മുൻപ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. നിലവിൽ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറൻസി. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് പറഞ്ഞിരുന്നു.
Comments