കണ്ണൂർ: നാല് മാസമായി കൂലിയില്ലെന്ന് പരാതി പറഞ്ഞ തൊഴിലാളിയ്ക്ക് മാനേജരുടെ ക്രൂര മർദ്ദനം. പയ്യന്നൂരിലെ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയ്‌ക്കാണ് മാനേജരിൽ നിന്ന് മർദ്ദനമേറ്റത്. കൂലി ചോദിച്ച ക്രെയിൻ ഡ്രൈവറായ ഉത്തരാഖണ്ഡ് സ്വദേശി ഭഗവാൻ ദാസിനെയാണ് എച്ച്ആർ മാനേജർ മർദ്ദിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ലേബർ ക്യാംപിൽ വെച്ചാണ് സംഭവം.
തൊഴിലാളിയെ മർദ്ദിക്കുന്ന വിഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കമ്പനിയിലെ മാത്തിൽ ലേബർ ക്യാംപിലെ എച്ച്ആർ മാനേജറായ സാംബശിവ റാവുവാണ് ദാസിനെ മർദ്ദിച്ചത്. മാസങ്ങളായി കൂലി കിട്ടാത്തതിനാൽ ഭഗവാൻ ദാസ് ഹൈദരാബാദ് ഹെഡ് ഓഫിസിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഹെഡ് ഓഫിസിൽ നിന്ന് എച്ച്ആർ മാനേജരെ വിളിച്ച് ശാസിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
തന്നെ ക്രൂരമായി മർദ്ദിക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കുന്ന തൊഴിലാളികളോട് നാളെ നിങ്ങൾക്കും ഈ അനുഭവം ഉണ്ടാകുമെന്ന് മർദ്ദനമേൽക്കുന്ന സമയത്ത് ഭഗവാൻ ദാസ് വിളിച്ച് പറയുന്നുണ്ട്. അത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. തൊഴിലാളികൾ നാട്ടുകാർക്ക് അയച്ച് കൊടുത്ത വിഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
















Comments