ന്യൂഡൽഹി: സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ മുദ്രയായ ചെങ്കോലിനെ കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി. പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തയിൽ സ്ഥാപിക്കാൻ പോകുന്ന പരിപാവനമായ ചെങ്കോലിനെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു കിട്ടിയ സ്വർണവടി എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഇത്രയും കാലം ഒരു മ്യൂസിയത്തിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഈ ചെങ്കോൽ എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
പരിപാവനമായ ഹൈന്ദവ പൈതൃകത്തെയാണ് അവഹേളിക്കുകയാണ് കോൺഗ്രസ് ഇതുവഴി ചെയ്തിരിക്കുന്നതെന്നും മാളവ്യ പറഞ്ഞു.പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക്സഭയിൽ സ്പീക്കറുടെ ചേംബറിനോടു ചേർന്നാണ് ചെങ്കോൽ സ്ഥാപിക്കാൻ പോകുന്നത്. ബ്രിട്ടീഷ് ഭരണകൂടം അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് കാവൽ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിനു കൈമാറിയതാണിത്.
ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ചോള ചരിത്രത്തിൽ നിന്നുമാണ് ചെങ്കോലിന്റെ പിറവി. തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനത്തിന്റെ മേൽനോട്ടത്തിൽ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളിൽ നീതിയുടെ പ്രതീകമായ ഒരു നന്ദി കാളയേയും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്രത്തിന് കൃത്യം 15 മിനുട്ട് മുൻപ് അർദ്ധരാത്രിയാണ് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ചെങ്കോൽ രാജ്യത്തിന് സമ്മാനിച്ചത്.
















Comments