ആലപ്പുഴ: ആലപ്പുഴയിൽ അമിതമായി ആളെ കയറ്റിയ ഹൗസ് ബോട്ട് കസ്റ്റഡിയിലെടുത്തു. 30പേർക്ക് യാത്രാനുമതിയുള്ള ബോട്ടിലുണ്ടായിരുന്നത് കുട്ടികളടക്കം 62 പേരായിരുന്നു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി.
ഇന്ന് ഉച്ചയോടെയാണ് റിസോർട്ടിൽനിന്നുള്ള ആളുകളെയും കയറ്റി എബനേസർ എന്ന ബോട്ട് യാത്രതിരിച്ചത്. താഴ്ഭാഗത്ത് 20 പേർക്കും അപ്പർഡെക്കിൽ 10 പേർക്കുമാണ് സഞ്ചരിക്കാൻ അനുവാദമുള്ളത്. എന്നാൽ 62 പേർ സഞ്ചരിച്ചതായി പോർട്ട് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തതിനെ തുടർന്ന് ടൂറിസം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ബോട്ട് ആരിയാടുള്ള സർക്കാർ യാർഡിലേക്ക് മാറ്റി.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തലത്തിൽ ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിലുള്ള പരിശോധന ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ മതിയായ രേഖകൾ ഇല്ലാത്ത നിരവധി ബോട്ടുകൾ കണ്ടെത്തുകയും ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
















Comments