ന്യൂഡൽഹി: ഭാരതത്തിന്റ പ്രകൃതി വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് പാർലമെന്റ് നിർമ്മാണത്തിനാവശ്യമായ തേക്ക് തടികൾ എത്തിച്ചത്. കൈകൊണ്ട് നിർമ്മിച്ച പരവാതാനികൾ എത്തിയത് ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുമാണ്. അതുപൊലെ ത്രിപുരയിൽ നിന്നുള്ള മുള ഉപയോഗിച്ചുള്ള ഫ്‌ളോറിംഗ്, രാജസ്ഥാനിൽ നിന്നുള്ള ശിലകൾ കൊണ്ടുള്ള കൊത്തുപണികൾ തുടങ്ങി വൈവിധ്യങ്ങളുടെ പുത്തൻ ഗാഥയാണ് പുതിയ പാർലമെന്റ് മന്ദിരം രചിക്കുന്നത്.
‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് കൊണ്ടാണ് സെൻട്രൽ വിസ്തയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 28 മാസം കൊണ്ടാണ് 65,000 ചതുരശ്രയടിയുള്ള ബഹുനില മന്ദിരം പൂർത്തിയാക്കിയത്.
ഓരോ ഭാരതീയന്റെയും അഭിമാനമായ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികൾ എന്തൊക്കെയെന്ന് നോക്കാം…
- രാജസ്ഥാനിലെ സർമാതുരയിൽ നിന്നാണ് ചുവപ്പും വെള്ളയും മണൽക്കല്ലുകൾ എത്തിച്ചത്. ചെങ്കോട്ടയ്‌ക്കും ഹുമയൂണിന്റെ ശവകുടീരത്തിനുമുള്ള മണൽക്കല്ലും സർമാതുരയിൽ നിന്നാണ് ലഭിച്ചത്.
- മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നാണ് കെട്ടിടത്തിന് ഉപയോഗിച്ച തേക്ക് തടികൾ എത്തിച്ചത്.
- പച്ച നിറത്തിലുള്ള കേശാരിയ കല്ലുകൾ കൊണ്ടുവന്നത് ഉദയ്പൂരിൽ നിന്നാണ്. ചുവന്ന ഗ്രാനൈറ്റ് അജ്മീറിനടുത്തുള്ള ലഖയിൽ നിന്നും വെള്ള മാർബിൾ രാജസ്ഥാനിലെ അംബാജിയിൽ നിന്നുമാണ് സംഭരിച്ചത്.

- പാർലമെന്റ് മന്ദിരത്തിലെ ഫർണിച്ചറുകൾ നിർമ്മിച്ചത് മുംബൈയിലാണ്.
- ലോക്‌സഭയിലെയും രാജ്യസഭയിലെയും ഫാൾസ് സീലിംഗിനുള്ള സ്റ്റീൽ എത്തിച്ചത് കേന്ദ്ര പ്രദേശമായ ദാമൻ ദിയുവിൽ നിന്നാണ്.
- രാജസ്ഥാനിലെ രാജ്നഗർ, ഉത്തർപ്രദേശിലെ നോയ്ഡ എന്നിവിടങ്ങളിൽ നിന്നാണ് ഈ കെട്ടിടത്തിന്റെ ‘ജാലി’ (ലാറ്റിസ്) ശിലാകൃതികൾ നിർമ്മിച്ചത്.
- മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് അശോക സ്തംഭത്തിനുള്ള സാമഗ്രികൾ എത്തിച്ചത്. പാർലമെന്റ് മന്ദിരത്തിന്റെ പുറംഭാഗങ്ങളിലും പതിപ്പിച്ച അശോകചക്രം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് വാങ്ങിയത്.
- അബു റോഡ്, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശിൽപികളാണ് ശില കൊത്തുപണികൾ നടത്തിയത്, രാജസ്ഥാനിലെ കോട്പുതലിയിൽ നിന്നാണ് ഇതിനാവശ്യമായ ശിലകൾ കൊണ്ടുവന്നത്.

- കോൺക്രീറ്റ് മിശ്രിതം ഉണ്ടാക്കുന്നതിനായുള്ള മണൽ, എം-സാൻഡ് എന്നിവ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ നിന്നാണ് കൊണ്ടുവന്നത്.
- നിർമ്മാണത്തിന് ഉപയോഗിച്ച ഫ്‌ളൈ ആഷ് ബ്രിക്ക് ഹരിയാന- ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും പിച്ചള വർക്കുകൾ
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഡൽഹിയിൽ എത്തിച്ചത്.
പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചരിത്രപരവും പവിത്രവുമായ ‘സെങ്കോൾ’ അദ്ദേഹം കെട്ടിടത്തിൽ സ്ഥാപിക്കും.
















Comments