ന്യൂ ദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തോടനുബന്ധിച്ച് പൂജ, ചെങ്കോൽ സ്ഥാപിക്കൽ, രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം എന്നിവ നടക്കും.
രണ്ട് ഘട്ടങ്ങളിലായാണ് പരിപാടി നടക്കുക. ഹോമത്തോടും പൂജയോടും കൂടി ആരംഭിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനിക്കും.
ഉദ്ഘാടന ചടങ്ങിന്റെ വിശദമായ ഷെഡ്യൂൾ ഇങ്ങിനെയാണ്
ഒന്നാം ഘട്ടം
രാവിലെ 7.30 : മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി പരിപാടികൾ ആരംഭിക്കും. ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
രാവിലെ 8.30 നും 9 നും ഇടയിൽ: പൂജയെ തുടർന്ന് ലോക്സഭയ്‌ക്കുള്ളിൽ ചെങ്കോൽ സ്ഥാപിക്കൽ രാവിലെ 8.30 നും 9 നും ഇടയിൽ നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ പ്രധാനമന്ത്രി മോദി ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്ഥാപിക്കും. ഈ അവസരത്തിൽ തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതർ, ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ്, പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ ആദരിക്കും.
രാവിലെ 9 മുതൽ 9.30 വരെ: പ്രാർത്ഥനാ സമ്മേളനം. ശങ്കരാചാര്യരുൾപ്പെടെ നിരവധി മഹാപണ്ഡിതന്മാരും സന്യാസിമാരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും
രണ്ടാം ഘട്ടം
ഉച്ചയ്‌ക്ക് 12.00: ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട പരിപാടികൾ ആരംഭിക്കും. രണ്ട് ഹ്രസ്വചിത്രങ്ങൾ ഈ അവസരത്തിൽ പ്രദർശിപ്പിക്കും.രാജ്യസഭാ ഉപാധ്യക്ഷൻ സ്വാഗതം പറയും.തുടർന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെയും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ വായിക്കും.തുടർന്ന്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറും ചടങ്ങിനെ അഭിസംബോധന ചെയ്യും.
സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനവും നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ ഉച്ചകഴിഞ്ഞ് 2.30ന് പരിപാടികൾ സമാപിക്കും.
















Comments