കമ്പം: കമ്പം ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെച്ച് കാട്ടിലേക്ക് തുരത്താനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ മിഷൻ അരിക്കൊമ്പൻ 2.0 ദൗത്യം തുടങ്ങി. ചുരുളിപ്പെട്ടി കോടിലിംഗം ക്ഷേത്രത്തിന് സമീപമാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥരും നാട്ടുക്കാരും ചേർന്ന് പല സംഘങ്ങളായി ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഉച്ചയ്‌ക്ക് മുൻപ് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനം. മയക്കുവെടി വെച്ച് വെള്ളിമലയിലേക്ക് കടത്താനാണ് ശ്രമം.
ആനമല ആന പരിപാലന കേന്ദ്രത്തിൽ നിന്നുള്ള 3 കുങ്കി ആനകൾ ദൗത്യത്തിനെത്തും. ആനമലയിലെ സ്വയംഭൂ എന്ന കുങ്കി ആനയാണ് നിലവിൽ കമ്പത്തെത്തിയിട്ടുള്ളത്. മുത്തു എന്ന കുങ്കിയാന ഉടൻ കമ്പത്തെത്തും. മിഷൻ അരിക്കൊമ്പൻ 2.0 ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും സജ്ജരായി. പുലർച്ചെ മൂന്ന് മണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു. കമ്പത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയ്‌ക്ക് മുൻപ് തന്നെ മയക്കുവെടി വെയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അരിക്കൊമ്പൻ കമ്പം നഗരം വിട്ട് ദേശീയപാതയും മുറിച്ചു കടന്ന് കേരള വനാതിർത്തി ദിശയിലേക്ക് സഞ്ചരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദൗത്യം പരാജയപ്പെടാനുള്ള സാധ്യതയും വനംവകുപ്പ് മുന്നിൽ കാണുന്നുണ്ട്.
















Comments