കമ്പം: കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ തിരികെ കാട്ടിലേക്ക് കടന്നു. മേഘമല കടുവ സങ്കേതത്തിലെ വനമേഖലയിലേക്കാണ് കൊമ്പൻ കടന്നത്. വനാതീർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അതിനാൽ അരിക്കൊമ്പൻ മിഷൻ നടത്തേണ്ടിവരില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയ്‌ക്കാണ് അരിക്കൊമ്പനെ അവസാനമായി ദൗത്യമേഖലയിൽ കണ്ടത്.
അരിക്കൊമ്പൻ വനമേഖലയിലേക്ക് കടന്നെങ്കിലും ദൗത്യ സംഘം അരിക്കൊമ്പനായുള്ള തിരച്ചിൽ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരും ദൗത്യത്തിനെത്തിയിട്ടുണ്ട്. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും ജനവാസ മേഖലയിലേക്ക് എത്തിയാൽ മാത്രമേ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുകയുള്ളു. പുലർച്ച മുതൽ ദൗത്യ സംഘം അരിക്കൊമ്പനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾ നീണ്ട തിരച്ചിലിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. റേഡിയോ കോളറിൽ നിന്നുള്ള വിവരം അനുസരിച്ച് ആന കൂതനാച്ചി റിസർവ് വനത്തിലേക്ക് കടന്നതായാണ് സൂചന.
അരിക്കൊമ്പൻ ദൗത്യത്തിനായി മൂന്ന് കുങ്കിയാനകളെയാണ് നിയോഗിച്ചിരുന്നത്. അരിക്കൊമ്പൻ വീണ്ടും കാടിറങ്ങുമെന്ന ആശങ്കയുള്ളതിനാൽ കുങ്കിയാനകളെ തിരികെ കൊണ്ട് പോകാൻ തീരുമാനിച്ചിട്ടില്ല. അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്.
















Comments