കോഴിക്കോട്: നടി നവ്യാ നായർ ആശുപത്രിയിൽ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് താരം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോട് കൂടിയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം പുതു ചിത്രമായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളാൽ എത്താൻ സാധിക്കില്ലെന്ന് താരം അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഒരിടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്. അനീഷ് ഉപാസന സംവിധാനം നിർവഹിച്ച ജാനകി ജാനേയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഹൃദ്യമായ ഒരു കുടുംബ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
















Comments