പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിന്റെ എഞ്ചിനിയറിംഗ് ബ്രില്യൻസിനെ അഭിനന്ദിച്ച് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ത്രികോണാകൃതിയിലുള്ള കെട്ടിടം ലോക്‌സഭയിൽ 888 അംഗങ്ങളേയും രാജ്യസഭയിൽ 300 അംഗങ്ങളേയും ഉൾക്കൊള്ളാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ വലുപ്പത്തിനപ്പുറം, ആളുകളെ വിസ്മയിപ്പിച്ച നിരവധി സവിശേഷതകൾ ഈ മന്ദിരത്തിനുണ്ട്. ആദരണീയരായ സർദാർ വല്ലഭായ് പട്ടേലിന്റെയും ബിആർ അംബേദ്കറുടെയും ജീവൻതുടിക്കുന്ന ശിൽപത്തെ പ്രശംസിച്ച് രംഗത്ത് വന്നത് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ്.
‘അതിശയകരമായ പ്രവൃത്തി, അതിശയകരമായ ബഹുമതി! അഭിനന്ദനങ്ങൾ!’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ശിൽപിയായ മൂർത്തികാർ നരേഷ് കുമാവത്തിന്റെ പോസ്റ്റാണ് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തിരിക്കുന്നത്.
”ഇന്ത്യയുടെ പുതിയ പാർലമെന്റ് ഹൗസിലെ രണ്ട് വലിയ തൂണുകൾ ഞാൻ കൊത്തിയെടുത്തതാണ്. എന്റെ സ്വപ്നത്തിൽ പോലും ഈ ബഹുമതി ഞാൻ സങ്കൽപ്പിച്ചിരുന്നില്ല’.- ഇന്ത്യയിലെ മഹാന്മാർക്ക് സമർപ്പിക്കുന്നു എന്നാണ് ശിൽപിയായ മൂർത്തികാർ നരേഷ് കുമാവത്ത് ട്വീറ്ററിൽ എഴുതിയത്.
നിരവധി പേരാണ് ശിൽപിയെ പ്രശംസിച്ച് രംഗത്ത് വന്നത്. മൂർത്തികാർ മറ്റൊരു അത്ഭുതം സൃഷ്ടിച്ചു, അത് ഈ മനോഹരമായ സംസ്‌കാരത്തിന്റെ സ്മരണയിൽ എന്നും പതിഞ്ഞുകിടക്കുമെന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്.
Comments