തിരുവനന്തപുരം: മദ്ധ്യവേനലവധിയ്‌ക്ക് ശേഷം കേരളത്തിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്‌കൂളുകൾ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് എല്ലാ സ്‌കൂളുകളിലും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം പ്രദർശിപ്പിക്കും.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സ്‌കൂൾതല പ്രവേശനോത്സവങ്ങൾ മറ്റുമന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടക്കും.
ഇത്തവണ സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കന്ററി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും.
















Comments