ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് നടി നേരിട്ടത്. എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം. സിനിമയുടെ പ്രചാരണ പരിപാടിക്കിടയിലാണ് വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
‘എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്. ഇതേ ഭക്തിയോടെ ഞാൻ ചിലപ്പോൾ അജ്മീർ ഷരീഫിലേക്ക് പോകും. ചിലപ്പോൾ മഹാകാലിലും ബംഗ്ലാ സാഹിബിലും പോകും. ഞാൻ ഇനിയും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം. എനിക്ക് ഒരു കുഴപ്പവുമില്ല. എന്റെ ജോലി വളരെ ഗൗരവമായി കാണുന്നയാളാണ് ഞാൻ. ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ ജോലി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്ക് വിഷമമാകും എന്നത് സത്യമാണ്’ സാറാ അലിഖാൻ വ്യക്തമാക്കി.
സാറാ അലിഖാനും നടൻ വിക്കി കൗശലും അടുത്തിടെയാണ് ഉജ്ജയിനി ക്ഷേത്രം സന്ദർശിച്ചത്. ഒന്നിച്ച് അഭിനയിച്ച സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. സന്ദർശനത്തിന് ശേഷം സാറ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജയ് മഹാകാൽ എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മഹാകാൽ ക്ഷേത്ര സന്ദർശനത്തിന് മുമ്പ് ലക്നൗവിലെ ശിവ ക്ഷേത്രവും താരം സന്ദർശിച്ചിരുന്നു. വിക്കി കൗശലിനൊപ്പമായിരുന്നു സാറ ലക്നൗവിലെ ശിവ ക്ഷേത്രത്തിലെത്തിയത്.
Comments