തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉപവാസമിരിക്കുന്നു. സ്വകാര്യ കുത്തകൾക്ക് കടലും കടൽത്തീരവും തീറെഴുതി നൽകുകയും മത്സ്യത്തൊഴിലാളികളെ സ്വന്തം സ്ഥലത്ത് നിന്ന് കുടിയിറക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെയാണ് ഉപവാസം. ആലപ്പുഴ മാരാരിക്കുളം പ്രദേശത്ത് ഏക്കർ കണക്കിന് കരയും കടലും സ്വകാര്യ കമ്പനിക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കരാർ നൽകിയെന്നും സാധാരണ മത്സ്യ തൊഴിലാളികളുടെ തൊഴിൽ എടുത്ത് ജീവിക്കാനുള്ള അവകാശത്തിൻ മേലുള്ള കടന്നു കയറ്റമാണ് ഇതെന്നും സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞിരുന്നു.
തീരപ്രദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് കരാർ. ഇപ്പോൾ മൂന്ന് വർഷത്തേക്ക് നൽകിയിരിക്കുന്ന കരാർ ഭാവിയിൽ 10 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. ഇതോടെ തൊഴിലാളികൾക്ക് ഇവിടം വിട്ടുപോകേണ്ടി വരും എന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സിപിഎം നേതൃത്വം നൽകുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ നടത്തുന്ന സമരത്തിൽ എല്ലാ ജനങ്ങളും പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉപവാസം ഉദ്ഘാടനം ചെയ്യും. മാരാരിക്കുളത്താണ് അദ്ദേഹം ഉപവാസമിരിക്കുന്നത്. ജൂൺ 9ന് രാവിലെ 10 മുതലാണ് ഉപവാസം. ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാർ തുടങ്ങി രാഷ്‌ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ പങ്കെടുക്കും.
















Comments