മുംബൈ: 13000 കോടി മുതൽ മുടക്കിൽ ലിഥിയം ബാറ്ററി നിർമാണ ഫാക്ടറിയുമായി ടാറ്റ ഗ്രൂപ്പ്. ഗുജറാത്തിലെ സനന്ദനിലാണ് വൈദ്യുത വാഹനങ്ങൾക്കായുള്ള ലിഥിയം ബാറ്ററി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അഗ്രതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഗുജറാത്ത് സർക്കാരുമായി ധാരണ പത്രം ഒപ്പുവച്ചത്. മൂന്നു വർഷത്തിനുള്ളിൽ പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
നിലവിൽ ഗുജറാത്തിൽ ടാറ്റയ്‌ക്ക് വാഹന നിർമ്മാണ ഫാക്ടറികളുണ്ട്. സന്ദനിൽ തന്നെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കൂടാതെ ഫോഡ് മോട്ടോർസിന്റെ പ്ലാന്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ പുത്തൻ പദ്ധതി.
രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാഹന വിൽപ്പന 66 ശതമാനം ഉയർന്ന് 5,805 യൂണിറ്റ് ഉയർന്നതായി ടാറ്റ മോട്ടോഴ്സ് പറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,505 യൂണിറ്റായിരുന്നു.
ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ജാഗ്വാർ ആന്റ് ലാൻഡ് റോവർ ഏപ്രിലിൽ വൈദ്യുത വാഹനങ്ങൾ സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി 1,900 കോടി ഡോളർ നിക്ഷേപം ഈ മേഖലയിൽ കമ്പനി നടത്തും. യൂറോപ്പിൽ പ്ലാന്റ് സ്ഥാപിക്കാനും ടാറ്റ ഗ്രൂപ്പിന് ഉദ്ദേശ്യമുണ്ട്. ഇതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ഉടൻ കൂടികാഴ്ചനടത്തും.
Comments