ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ ഖേദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഒഡീഷ ട്രെയിൻ അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ കാണാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ആശപത്രിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഒഡീഷ അപകടസ്ഥലം സന്ദർശിക്കാനും രക്ഷാപ്രവർത്തനങ്ങളിൽ സഹായം നൽകാനും ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന് ഒഡീഷ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗവും ചേർന്നിട്ടുണ്ട്.
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 261 ആയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. തുടർന്ന് ഈ ട്രെയിനിലിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയ്ക്കു മുകളിലേക്ക് ഇടിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുകയായിരുന്നു.
ട്രെയിൻ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നും ഏത് ട്രെയിൻ ആദ്യം വന്നു, ആദ്യം ഇടിച്ചു, ആദ്യം പാളം തെറ്റി എന്നീ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ഒടുവിൽ മാത്രമേ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്നും പുറത്തുവരികയുള്ളൂ.
Comments