ഭൂമിയിൽ വിവിധയിനം പക്ഷികളുണ്ട്. മിക്ക പക്ഷികളും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മ അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ സൗന്ദര്യം കൊണ്ട് അതിശപ്പിക്കുന്ന ഒരു പക്ഷിയാണ് കാബോട്ട്സ് ട്രാഗോപൻ. പ്രധാനമായും തെക്ക്-കിഴക്കൻ ചൈനയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഇവ. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഭൂട്ടാൻ എന്നിവടങ്ങളിലും ട്രാഗോപാനുകൾ കാണപ്പെടാറുണ്ട്. ആൺപക്ഷികളുടെ സൗന്ദര്യമാണ് ആരെയും ആകർഷിക്കുന്നത്. വർണ്ണാഭമായ ശരീരമാണ് ഇവയ്‌ക്ക്. ശരീരത്തിൽ വെളുത്ത പുള്ളികൾ കാണപ്പെടുന്നു.
കറുപ്പും ഓറഞ്ചും നീലയും ഇടകലർന്ന മുഖമാണിവയ്‌ക്ക്. കഴുത്തിൽ നീലയും ഓറഞ്ചും നിറങ്ങളോടു കൂടിയുള്ള ഒരു പാളിയും കാണാം. ഇത് വീർപ്പിക്കാനും ഇവയ്‌ക്ക് സാധിക്കും. മാത്രമല്ല, ആൺപക്ഷികളുടെ തലയിൽ രണ്ട് മാംസളമായ കൊമ്പുകളും ഉണ്ട്. പ്രധാനമായും, ഇണയെ ആകർഷിക്കാൻ തൊണ്ടയിൽ നിന്നും താഴ്ന്നു കിടക്കുന്ന പാളിയും കൊമ്പുകളും ആൺപക്ഷികൾ വീർപ്പിക്കുന്നു. ഇതോടൊപ്പം ഇവ ശബ്ദത്തിൽ ചിറകിട്ട് അടിക്കുകയും ചെയ്യുന്നു. ഇണയെ കാണുമ്പോഴുള്ള കാബോട്ട്സ് ട്രാഗോപന്റെ രൂപമാറ്റം ആരെയും അതിശയിപ്പിക്കും.
ട്രാഗോപാനുകൾ വളരെ ജാഗ്രതയുള്ളവയാണ്. കാടുകളിൽ ഇവയെ കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണ്. ആളനക്കം കേട്ടാൽ ഇവ മരച്ചില്ലകൾക്കിടയിലും കുറ്റിക്കാടുകൾക്കിടയിലും ഒളിഞ്ഞിരിക്കും. ഇണചേരുന്ന സമയം ആൺപക്ഷികൾ ഉറക്കെ കരയും. ഇത് പക്ഷികളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. പെൺപക്ഷികളെ സംബന്ധിച്ചിടത്തോളം മൊത്തത്തിൽ തവിട്ടുനിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ വാലുകൾ ഇളം ബ്രൗൺ നിറത്തിലാണുള്ളത്. കാലുകൾ പൊതുവെ മാംസളവും ചാരവും തവിട്ട് ഇടകലർന്ന നിറത്തിലുമാണ്. കൊക്കിനും തവിട്ട് നിറമാണ്. ആൺ പക്ഷികളുടെ ശരീരത്തിൽ കാണുന്നതുപോലുള്ള പാടുകളും പുള്ളികളും പെൺ പക്ഷികളുടെ ശരീരത്തിലും ഉണ്ട്. എന്നിരുന്നാലും കാണാൻ കൂടുതൽ ഭംഗി ആൺ പക്ഷികൾ തന്നെ.
ഇന്ത്യയിൽ നാല് ഇനം ട്രാഗോപനുകളാണ് ഉള്ളത്. സാറ്റിർ ട്രാഗോപൻ, വെസ്റ്റേൺ ട്രാഗോപാൻ, ബ്ലൈത്തിസ് ട്രാഗോപാൻ, ടെമ്മിങ്കസ് ട്രാഗോപാൻ എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്നവ. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പക്ഷിയാണ് വെസ്‌റ്റേൺ ട്രാഗോപൻ. വടക്കുപടിഞ്ഞാറൻ ഹിമാലയൻ മേഖലകളിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷി ജുജുറാന എന്നും അറിയപ്പെടുന്നുണ്ട്. ഏറെ വംശനാശ ഭീഷണി നേരിടുന്ന ഇക്കൂട്ടരുടെ എണ്ണം വളരെ കുറവാണ്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ട്രാഗോപനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments