ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് ലോകം. ദാരുണമായ കോറോമാണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ 275 യാത്രക്കാർ മരിക്കുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ അപകടത്തിൽ മരിച്ചവരെയും പരിക്കേറ്റവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കുറിച്ച് നിരവധി വാർത്തകളാണ് വരുന്നത്. ഇത്തരത്തിൽ അപകടത്തിന് തൊട്ടുമുമ്പ് സീറ്റ് മാറിയതിനെ തുടർന്ന് രണ്ട് യാത്രക്കാർ രക്ഷപ്പെട്ട സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.
കോറോമാണ്ടൽ ട്രെയിനിൽ തന്റെ എട്ടുവയസ്സുള്ള മകളുമായിട്ടായിരുന്നു ഒരു അച്ഛന്റെ യാത്ര. എന്നാൽ യാത്രയ്‌ക്കിടെ മകൾ സ്വാതി വിൻഡോ സീറ്റ് വേണമെന്ന് നിർബന്ധിച്ചതിനാൽ അച്ഛൻ എം.കെ ദേബ് അടുത്ത കോച്ചിലെ യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറ്റി. ഇതുകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ദേബ് പറയുന്നു. അപകടത്തിൽ അവരുടെ സീറ്റ് ഉണ്ടായിരുന്ന കോച്ച് പൂർണമായും തകർന്നു. ആ കോച്ചിലെ യാത്രക്കാരിൽ ഭൂരിഭാഗവും മരിച്ചെന്നും അദ്ദേഹം വേദനയോടെ പറയുന്നു.
ശനിയാഴ്ച ഡോക്ടറെ കാണാനായാണ് ദേബും മകളും ഖഡഗ്പൂരിലേക്ക് ട്രെയിൻ കയറിയത്. തേർഡ് എസി കോച്ച് ടിക്കറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ജനാലയ്‌ക്കരികിൽ ഇരിക്കാൻ മകൾ നിർബന്ധിച്ചു. വിൻഡോ സീറ്റ് ലഭ്യമല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനു ശേഷം അടുത്ത കോച്ചിലെ യാത്രക്കാരോട് സീറ്റ് മാറാനായി ആവശ്യപ്പെടാൻ അദ്ദേഹം പറഞ്ഞു. അതനുസരിച്ച് അടുത്ത കമ്പാർട്ട്മെന്റിലെ രണ്ടു യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ഇരുവരും സീറ്റുകൾ മാറാൻ സമ്മതിക്കുകയുമായിരുന്നു. പിന്നീട് അവർ രണ്ടുപേരും ദേബും മകളും ഇരുന്ന സീറ്റിലേക്ക് പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷമാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ 275 യാത്രക്കാർ മരിച്ചു. കൂടാതെ ആയിരത്തിലധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ദേബും മകളും സഞ്ചരിച്ചിരുന്ന കോച്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. എന്നാൽ ആദ്യം ഇരുന്നിരുന്ന കോച്ചിലെ യാത്രക്കാരിൽ ഭൂരിഭാഗവും മരിച്ചു. താൻ സീറ്റ് മാറ്റിയ രണ്ട് യാത്രക്കാരെ കുറിച്ച് തനിക്ക് അറിവില്ലെന്നും ദേബ് പറഞ്ഞു. ഇരുവരും സുരക്ഷിതരായിരിക്കാൻ തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നെന്നും ദേബ് പറയുന്നു.
Comments