എറണാകുളം: പൊറോട്ടയ്‌ക്ക് ഗ്രേവി നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാൻ ശ്രമം. എറണാകുളം ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഹോട്ടലിൽ എത്തിയാൾ 36 രൂപ നൽകി മൂന്ന് പൊറോട്ട വാങ്ങി ഹോട്ടലിൽ നിന്ന് മടങ്ങി. കുറച്ച് കഴിഞ്ഞ് തിരികെയെത്തി ഗ്രേവി വെക്കാത്തതിനെ ചോദ്യം ചെയ്തു. കറിയ്‌ക്ക് പ്രത്യേക തുക നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബാഗിൽ നിന്ന് വാളെടുത്ത് വെട്ടാൻ ശ്രമിച്ചത്. കടയിലെ മേശയിൽ തട്ടി വാൾ തെറിച്ച് പോവുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം സമാന സംഭവം ആലുവയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ചായക്കട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് പൈപ്പ് കൊണ്ട് കട ആക്രമിക്കുകയായിരുന്നു. ചില്ല് തെറിച്ച് ജീവനക്കാരനായ ലിറ്റൺ ഖാന്റെ മൂക്കിന് പരിക്കേറ്റിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. സംഭവത്തിൽ ആലുവയിൽ വാടകയ്‌ക്ക് താമസിക്കുന്ന ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments